പാഠ്യപദ്ധതിയിൽ സൈബർ സുരക്ഷ ഉൾപ്പെടുത്തും: മന്ത്രി ശിവൻകുട്ടി

Sunday 08 May 2022 12:26 AM IST

തിരുവനന്തപുരം: സൈബർ ഉപയോഗവും സൈബർ സുരക്ഷയും സംബന്ധിച്ച വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലൂടെ മൂന്നു ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്കും അമ്മമാർക്കുമായി പത്തുലക്ഷം പേർക്ക് ഈ വർഷം പരിശീലനം നൽകും. മൂന്നു മണിക്കൂറിൽ അഞ്ചു സെഷനുകളിൽ 30 പേരുള്ള വിവിധ ബാച്ചുകളായി മേയ് 20 വരെ സംസ്ഥാനത്തെ രണ്ടായിരം ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴിയാണ് പരിശീലനം. സൈബർ സുരക്ഷയെക്കുറിച്ചുള്ള കൈപ്പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു. വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ കെ. ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.