ട്രാൻ. പണിമുടക്കിനു പിന്നിൽ രാഷ്ട്രീയമെന്ന് മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പണിമുടക്കിനു പിന്നിൽ രാഷ്ട്രീയമെന്ന് മന്ത്രി ആന്റണി രാജു ആരോപിച്ചു.സർക്കാരിൽ നിന്നും അധിക ധനസഹായത്തിനുള്ള ഉറപ്പൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
മേയ് 6നാണ് സൂചന പണിമുടക്ക് നടത്തിയത്. എന്നാൽ മേയ് 5ന് വൈകിട്ട് മുതലുള്ള ദീർഘദൂര സർവ്വീസുകൾ മുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർ വലഞ്ഞു. ഫലത്തിൽ മൂന്ന് ദിവസത്തെ വരുമാനത്തെ പണിമുടക്ക് ബാധിച്ചു. 10 ന് മുമ്പ് ശമ്പള വിതരണം ഉറപ്പാക്കാൻ മാനേജ്‌മെന്റിന് നിർദ്ദേശം നൽകാമെന്ന് തൊഴിലാളി യൂണിയനുകളുമായുള്ള ചർച്ചയിൽ വ്യക്തമാക്കി. എന്നാൽ ഇതംഗീകരിക്കാൻ പ്രതിപക്ഷ യൂണിയനുകൾ തയ്യാറായില്ല. ആറു മാസത്തിനിടെ അഞ്ച് പണിമുടക്കുകൾ നടന്നു. കൂടുതൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചാൽ എന്തു ചെയ്യും?. ജോലി ചെയ്താൽ കൂലി കിട്ടണമെന്ന കാനം രാജേന്ദ്രന്റെ അഭിപ്രായത്തിനു മറുപടിയായി ,കൊവിഡ് കാലത്ത് ബസ്സുകളൊന്നും ഓടാതിരുന്നപ്പോഴും കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.