കോതി മലിനജല സംസ്‌കരണ പ്ലാന്റ് ഇനി നേർക്കുനേർ

Monday 09 May 2022 12:45 AM IST
kothy


കോഴിക്കോട്: കോതി മലിന ജല സംസ്‌കരണ പ്ലാന്റ് എന്തുവിലകൊടുത്തും നടപ്പാക്കുമെന്ന് കോർപറേഷൻ നിലപാടെടുക്കുമ്പോൾ ജനകീയ പ്രതിഷേധത്തിന് മുമ്പിൽ അധികാരികൾക്ക് മുട്ടുമടക്കേണ്ടിവരുമെന്ന് ജനകീയ പ്രതിരോധ സമിതി. സമരക്കാരും കോർപറേഷനും പിടിവാശി തുടരുമ്പോൾ ഇനി നേർക്കുനേർ പോരാട്ടത്തിന് കോതി സാക്ഷ്യം വഹിക്കും.

ന്യായമായ ആവശ്യമുന്നയിച്ച് നടത്തുന്ന പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്ന കോർപറേഷൻ നീക്കം ധിക്കാരപരമാണ്. കോർപറേഷൻ കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ അതുപോലും അനുവദിക്കാനുള്ള ജനാധിപത്യപരമായ മര്യദ ഭരണപക്ഷം കാണിച്ചിട്ടില്ല. പ്രതിഷേധിച്ചതിന്റെ പേരിൽ സ്ത്രീകളെയും കുട്ടികളെയും പൊലീസ് മർദ്ദിച്ചതിന് എന്ത് ന്യായീകരണമാണ് കോർപറേഷൻ അധികാരികൾക്ക് പറയാനുള്ളതെന്ന് ജനകീയ പ്രതിരോധ സമിതി പ്രവർത്തകർ പറഞ്ഞു. ജല സ്രോതസായ കല്ലായി പുഴ നികത്തി ശുചി മുറി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് പിന്നിൽ കോർപറേഷൻ ഡപ്യൂട്ടി മേയറുടെ ധിക്കാരപരമായ നിലപാടാണ്. അത് അനുവദിച്ച് കൊടുക്കാനാവില്ലെന്ന് പതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു.
എന്തുവിലകൊടുത്തും പദ്ധതി കൊണ്ടുവരുമെന്ന് നിലപാടിലാണ് കോർപറേഷനെങ്കിൽ അത് തടയാനായി എന്തുവിലകൊടുക്കാനും നാട്ടുകാർ തയാറാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഇതുവരെ ഒരിടപെടലും ഉണ്ടായിട്ടില്ല. ഏകപക്ഷീയമായി പദ്ധതി അടിച്ചേൽപിച്ചുകളയാമെന്ന് ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അത് കോതിയിൽ നടക്കില്ലെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു. അതേസമയം എല്ലാവിധ പാരിസ്ഥിതിക പഠനവും നടത്തി അനുയോജ്യമായ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നും കോഴിക്കോട് നഗരത്തിന് അടിയന്തര ആവശ്യമായ പ്ലാന്റ് നിർമാണത്തിൽ നിന്നും പിറകോട്ടില്ലെന്ന നിലപാടിലാണ് കോർപറേഷൻ.

Advertisement
Advertisement