ഉദിച്ചത് ബാംഗ്ളൂരിന്റെ വിജയസൂര്യൻ

Monday 09 May 2022 1:18 AM IST

സൺറൈസേഴ്സ് ഹൈദരാബാദിനെ 67 റൺസിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ

മുംബയ് :ഐ.പി.എല്ലിൽ ഇന്നലെ ന‌ടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 67 റൺസിന് കീഴടക്കിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ ഏഴാം ജയവുമായി പോയിന്റ് പട്ടികയിൽ നാലാമതേക്കുയർന്നു.

വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 192/3 എന്ന സ്കോർ ഉയർത്തിയ ബാംഗ്ളൂരിനെതിരെ ഹൈദരാബാദിന്റെ മറുപടി 19.2 ഓവറിൽ 125 റൺസിൽ അവസാനിക്കുകയായിരുന്നു. നാലോവറിൽ ഒരു മെയ്ഡനടക്കം 18 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗയാണ് ആർ.സി.ബിയു‌ടെ വിജയശിൽപ്പി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിക്ക് മത്സരത്തിലെ ആദ്യ പന്തിൽത്തന്നെ വിരാട് കൊഹ്‌ലിയെ നഷ്ടമായിരുന്നു. അതിന്റെ ആഘാതത്തിൽ നിന്ന് നായകൻ ഫാഫ് ഡുപ്ളെസിയും (73*) രജത് പാട്ടീദാറും(48) ചേർന്നാണ് കരകയറ്റിയത്. ഗ്ളെൻ മാക്സ്‌വെൽ(30),(എട്ടുപന്തിൽ പുറത്താകാതെ 33) എന്നിവരുടെ സംഭാവനകളും മികച്ച സ്കോറിലേക്ക് വഴിതുറന്നു.

വിരാടിനെ ആദ്യപന്തിൽത്തന്നെ ജഗദീഷ സുചിത് മിഡ്‌വിക്കറ്റിൽ കേൻ വില്യംസണിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ഈ സീസണിൽ ഇത് മൂന്നാം തവണയാണ് വിരാട് ഗോൾഡൻ ഡക്കാവുന്നത്. തുടർന്ന് ക്രീസിലൊരുമിച്ച ഡുപ്ളെസിയും രജത്തും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 105 റൺസാണ് ആർ.സി.ബി ഇന്നിംഗ്സിന്റെ നട്ടെല്ലായത്. സൺറൈസേഴ്സിന്റെ അതിവേഗബൗളർ ഉമ്രാൻ മാലിക്കിനെ ആദ്യ ഓവറിൽ 20 റൺസ് അ‌ടിച്ചുകൂട്ടിയാണ് ഡുപ്ളെസി വരവേറ്റത്.13-ാം ഓവറിൽ സുചിത്തിന്റെ പന്തിൽ ത്രിപാതിക്ക് ക്യാച്ച് നൽകി രജത് മടങ്ങി. 38 പന്തുകൾ നേരിട്ട രജത് നാലുഫോറും രണ്ട് സിക്സും പായിച്ചിരുന്നു. തുടർന്നിറങ്ങിയ ഗ്ളെൻ മാക്സ്‌വെൽ 24 പന്തുകളിൽ മൂന്ന് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 33 റൺസ് നേടുകയും ഡുപ്ളെസിക്കൊപ്പം 54 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. തുടർന്നിറങ്ങിയ ദിനേഷ് കാർത്തികിന്റെ വെടിക്കെട്ടോടെയാണ് ആർ.സി.ബി ഇന്നിംഗ്സ് സമാപിച്ചത്. 19-ാം ഓവറിന്റെ അവസാന പന്തിൽ കാർത്തിക് ത്യാഗിയെ സിക്സിന് പറത്തിയ കാർത്തിക് ഫസൽഹഖിനെ അവസാന ഓവറിൽ തുടർച്ചയായ മൂന്ന് സിക്സുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 25 റൺസാണ് അടിച്ചുകൂട്ടിയത്. എട്ടുപന്തുകൾ മാത്രം നേരിട്ട കാർത്തിക് ആകെ നാലുസിക്സും രണ്ട് ഫോറുമടക്കമാണ് 33 റൺസ് നേടിയത്.50 പന്തുകൾ നേരിട്ട ഡുപ്ളെസി എട്ടുഫോറും രണ്ട് സിക്സുമടക്കമാണ് 73 റൺസ് നേടി പുറത്താകാതെ നിന്നത്.

മറുപടിക്കിറങ്ങിയ ഹൈദരാബാദിനും ആദ്യ പന്തിൽ വിക്കറ്റ് നഷ്ടമായിരുന്നു.നായകൻ കേൻ വില്യംസണാണ് ആദ്യ പന്തിൽ റൺഒൗട്ടായത്. ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ ഗ്ളെൻ മാക്സ‌്‌വെ‌ൽ അഭിഷേക് ശർമ്മയെ (0) ബൗൾഡാക്കിയതോടെ സൺറൈസേഴ്സ് രണ്ട് വിക്കറ്റിന് ഒരു റൺസ് എന്ന നിലയിലായി.തുടർന്ന് രാഹുൽ ത്രിപാതിയും എയ്ഡൻ മാർക്രമും ചേർന്ന് രക്ഷപെടുത്താൻ തുടങ്ങി.എന്നാൽ മാർക്രം(21),നിക്കോളാസ് പുരാൻ (19),സുചിത്ത്(2),ശശാങ്ക് (8),ഉമ്രാൻ (0) എന്നിവരെ പുറത്താക്കി ഹസരംഗ ഹൈദരാബാദിന്റെ ചിറകൊടിച്ചു.37 പന്തിൽ 58 റൺസടിച്ച ത്രിപാതിയെയും കാർത്തിക് ത്യാഗിയെയും ഹേസൽവുഡാണ് പുറത്താക്കിയത്.

Advertisement
Advertisement