നടൻ ജോജു ജോർജിനെതിരെ കെ.എസ്.യുവിന്റെ പരാതി
Monday 09 May 2022 1:56 AM IST
ഇടുക്കി: വാഗമണ്ണിൽ സിനിമാ നടൻ ജോജു ജോർജിന്റെ നേതൃത്വത്തിൽ നിയമവിരുദ്ധമായി ഓഫ് റോഡ് ജീപ്പ് റൈഡ് സംഘടിപ്പിച്ചെന്ന് ആരോപിച്ച് കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി പരാതി നൽകി. ജോജുവിനും പരിപാടിയുടെ മറ്റു സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് ടോണി തോമസ് ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്.
ശനിയാഴ്ചയാണ് വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിൽ റൈഡ് നടന്നത്. കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയിൽ കൈവശമുള്ള ഭൂമിയിൽ നിയമവിരുദ്ധമായി യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിൽ റൈഡ് സംഘടിപ്പിച്ചെന്നാണ് പരാതി. ഇത് പ്ലാന്റേഷൻ ലാന്റ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിലുണ്ട്.