2000 രൂപയ്ക്ക് തലസ്ഥാനത്ത് ഇരുനില വീട്; വട്ടിയൂർക്കാവിലെ ദമ്പതികളുടെ കൂപ്പൺ വിൽപ്പനയ്ക്കെതിരെ ലോട്ടറി വകുപ്പ്

Monday 09 May 2022 10:41 AM IST

തിരുവനന്തപുരം: കടത്തിൽ നിന്നും കരകയറാൻ സ്വന്തം വീട് നറുക്കെടുപ്പിലൂടെ വിൽക്കാനിറങ്ങിയ കുടുംബത്തിനെതിരെ ലോട്ടറി വകുപ്പ്. വീട് നറുക്കെടുപ്പിലൂടെ വിൽക്കുന്നത് നിയമപരമായി ശരിയല്ലെന്നും ഇത് തടയണമെന്നും ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ വട്ടിയൂർക്കാവ് പൊലീസിന് നിർദേശം നൽകി. വ്യക്തികൾക്ക് പണം വാങ്ങി കൂപ്പണോ ലോട്ടറിയോ നടത്താനാകില്ലെന്നും സംഭവത്തിൽ എസ്‌പിയ്ക്ക് പരാതി നൽകുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു. ജോയിന്റ് ഡയറക്ടറുടെ നിർദേശപ്രകാരം വീട്ടിലെത്തി വട്ടിയൂർക്കാവ് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വീട്ടുടമസ്ഥരായ അജോ- അന്ന ദമ്പതികൾ കൂപ്പൺ വിൽപ്പന തൽക്കാലത്തേയ്ക്ക് നിർത്തി വച്ചിരിക്കുകയാണ്.

കേരള ബാങ്ക് ജഗതി ശാഖയിൽ നിന്ന് വീടുവാങ്ങാനെടുത്ത വായ്പ അടയ്ക്കുന്നത് മുടങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വായ്പ അടയ്ക്കേണ്ട സമയം നീട്ടിക്കിട്ടാൻ മന്ത്രിയടക്കമുള്ളവരെ കണ്ടെങ്കിലും ബാങ്ക് ജീവനക്കാരിൽ നിന്നുള്ള കടുത്ത സമ്മർദം മൂലമാണ് വീട് വിറ്റ് കടം തീർക്കാൻ കുടുംബം തീരുമാനിച്ചത്. അത്യാവശ്യക്കാരെന്ന് കണ്ടതോടെ വിപണിവിലയും കുറച്ച് നൽകാനാണ് പലരും ശ്രമിച്ചത്. ഇതിനൊരു പരിഹാരമെന്ന നിലയിൽ മൂന്നാംമൂട് ക്രിസ്തുരാജപുരം ദേവാലയത്തിലെ വികാരി അടക്കമുള്ളവരുടെ സഹായത്തോടെ നറുക്കെടുപ്പ് നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു. അക്കൗണ്ടന്റായിരുന്ന അജോയ്ക്ക് അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ടതോടെ ജോലി നഷ്ടമായി. എൻജിനീയറായിരുന്ന അന്നയ്ക്കും കൊവിഡ് സാഹചര്യത്തിൽ ജോലി നഷ്ടമായിരുന്നു.

Advertisement
Advertisement