ഗായകൻ കൊല്ലം ശരത് അന്തരിച്ചു, വിടപറഞ്ഞത് ജാനകിയുടെ ശബ്‌ദം അനുകരിക്കുന്നതിൽ വിസ്‌മയം തീർത്ത കലാകാരൻ

Monday 09 May 2022 10:56 AM IST

തിരുവനന്തപുരം: ഗായകൻ കൊല്ലം ശരത് ( എസ്.ആർ ശരത് ചന്ദ്രൻ നായർ -52) അന്തരിച്ചു. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്‌തനായിരുന്നു.

കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്.

അടുത്തബന്ധുവിന്റെ അഭ്യർത്ഥനപ്രകാരം ചാന്തുപൊട്ടിലെ 'ആഴക്കടലിന്റെ....' എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളർന്നു വീഴുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി.

തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായ ശരത് സ്ത്രീശബ്‌ദത്തിൽ പാട്ടുപാടി ഗാനമേളവേദികളിൽ വിസ്‌മയം തീർത്തിട്ടുണ്ട്. എസ് ജാനകിയുടെ ശബ്‌ദം ഭംഗിയായി അദ്ദേഹം അനുകരിക്കുമായിരുന്നു. നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. സുരാജ് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു.