'അയാൾ കാപട്യക്കാരൻ എന്നറിയപ്പെടുന്നു’, മോദിയെ ട്രോളി സന്ദീപാനന്ദ ഗിരി

Sunday 19 May 2019 11:18 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ധ്യാന'ത്തെ കളിയാക്കി സ്വാമി സന്ദീപാനന്ദ ഗിരി. ഭഗവദ് ഗീതാ ഗ്രന്ഥത്തിലെ കർമ്മ യോഗ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി മോദിക്കെതിരെ 'ആത്മീയ' ട്രോൾ തൊടുത്തത്.

‘ഏതൊരു വിഡ്ഢിയാണോ കൈകാലുകൾ മുതലായ കർമ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസ്സിൽ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നത് അയാൾ മിഥ്യാചാരൻ (കാപട്യക്കാരൻ )എന്നറിയപ്പെടുന്നു’ എന്നതാണ് ശ്ലോകത്തിന്റെ മലയാള അർത്ഥം. ചുരുക്കത്തിൽ സ്വന്തം തൊഴിൽ ചെയ്യാതെ ധ്യാനനിരതനാവുന്ന വിഡ്ഢിയാണ് പ്രധാനമന്ത്രി എന്നാണു സന്ദീപാനന്ദ ഗിരി പറഞ്ഞുവെയ്ക്കുന്നത്.

ഏതായാലും സന്ദീപാനന്ദ ഗിരിയുടെ ട്രോളിനെ ഏറ്റെടുത്തുകൊണ്ട് നിരവധി പേരാണ് കമന്റ് ബോക്സിൽ വന്നിരിക്കുന്നത്. 'ആ ഗുഹ ഒരു വലിയ പാറ വന്നു വീണു അടഞ്ഞു പോകണം എന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. '8 ക്യാമറാമാനും... 4 പാചകക്കാരും..2 പരിചാരകരും...പേര് ഏകാന്ത ധ്യാനം...നമ്മളിതിനു ടൂർ എന്ന് പറയും...മോദിജിക്കിതു ഏകാന്ത ധ്യാനം' എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. എന്നാൽ ട്രോളിനെ വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.