ഓഫ്റോഡ് റൈഡിൽ അപകടകരമായ വിധത്തിൽ വാഹനമോടിച്ചു, മുൻകൂർ അനുമതി വാങ്ങിയില്ല; നടൻ ജോജുവിനും സംഘാടകർക്കും നോട്ടീസ് നൽകും, മറുപടിയുമായി സംഘാടകർ

Monday 09 May 2022 9:06 PM IST

തൊടുപുഴ: വാഗമണ്ണിൽ ഓഫ് റോഡ് റൈഡിൽ പങ്കെടുത്ത നടൻ ജോജു ജോർജിന് വാഹനവകുപ്പ് നോട്ടീസ് നൽകും. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് നടനെതിരെ നടപടിയെന്നും സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജോയിന്റ് ആർടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആർടിഒ അറിയിച്ചു. ജോജുവിനെതിരെ കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർടിഒയുടെ നടപടി.

നേരത്തെ ജോജു ഓഫ് റോഡ് റൈഡിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിൽ സംഘടിപ്പിച്ച റൈഡിലാണ് ജോജു പങ്കെടുത്തത്. ഓഫ് റോഡ് അസ്സോസിയേഷൻ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. റൈഡ് നടന്നത് പൊതു സ്ഥലമാണോ സ്വകാര്യ സ്ഥലമാണോ എന്നത് സംബന്ധിച്ച് പരിശോധന നടത്തും. പരിപാടി സംഘടിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി സംഘാടകർ വാങ്ങിയിരുന്നില്ലെന്ന് ഇടുക്കി ആർടിഒ പറഞ്ഞു.

ഇടുക്കിയിൽ ഓഫ് റോഡ് റെയ്സുകൾക്ക് കളക്ടറുടെ നിരോധന ഉത്തരവുണ്ടെന്നും ഇത് മറികടന്നാണ് പരിപാടി സംഘടിപ്പിച്ചതെന്നും ആർടിഒ പറഞ്ഞു. സംഭവത്തിലെ തുടർനടപടികൾ ജോയിന്റ് ആർടിഒയുടെ റിപ്പോർട്ട് ലഭിച്ച ശേഷം സ്വീകരിക്കുമെന്നും ഇടുക്കി ആർടിഒ വ്യക്തമാക്കി.

അതേ സമയം എല്ലാ വിധ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിരുന്നുവെന്നും പരിചയ സമ്പന്നരായ ആളുകളാണ് വാഹനം ഓടിച്ചതെന്നും സംഘാടകർ പറഞ്ഞു. സ്വകാര്യ സ്ഥലമായതിനാൽ അനുമതി വാങ്ങേണ്ടതില്ലെന്നും ഇത്തരം സാഹസിക പരിപാടികൾക്ക് അനുമതി നൽകാൻ പ്രത്യേക സംവിധാനം ഇല്ലെന്നും ഇവർ പറഞ്ഞു.