വില വർദ്ധനവിൽ വലഞ്ഞ് ജനം : സാധാരണക്കാർ അത്ര സേഫല്ല

Tuesday 10 May 2022 12:52 AM IST
പാചക വാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തിൽ വിറകുപയോഗിച്ച് ചായ ഉണ്ടാക്കുന്നു.

മലപ്പുറം: അടുക്കളയിൽ തീ കത്തണമെങ്കിൽ ഉയർന്ന വില കൊടുത്ത് പാചകവാതക സിലിണ്ടർ വാങ്ങിക്കണം. ഓയിലടക്കമുള്ള പല ഭക്ഷ്യ വസ്തുക്കളുടേയും വില ഇപ്പോഴും കുറഞ്ഞിട്ടുമില്ല. വാഹനമെടുത്ത് റോഡിലിറങ്ങണമെങ്കിൽ പെട്രോൾ ലിറ്ററിന് 116 രൂപയൊടുക്കണം. ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനും വേണം നല്ലൊരു തുക. ഭക്ഷ്യ വസ്തുക്കളുടെ വില ഇടക്കിടക്ക് ഉയരുകയും താഴുകയും ചെയ്യുന്നത് മൂലം ചെറുകിട ഹോട്ടലുടമകളുടെ നിത്യ ജീവിതവും താറുമാറായ സ്ഥിതിയാണ്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപ വർദ്ധിച്ച് 1,100 രൂപയ്ക്ക് മുകളിലെത്തി. സാധാരണക്കാരന്റെ കീശ കാലിയാവാനിപ്പോൾ അടുക്കള ചിലവ് മാത്രം മതിയെന്നതാണ് വസ്തുത. മുമ്പ് രണ്ട് സിലിണ്ടർ ഉപയോഗിച്ചിരുന്നവരെല്ലാം ഈയിടെയായി ഒറ്റ സിലിണ്ടർ മാത്രം ഉപയോഗിക്കുന്നവരായി മാറിയിട്ടുണ്ട്. രണ്ടോ മൂന്നോ മാസമാണ് ഒരുസാധാരണ കുടുംബം 14.2 കിലോഗ്രാമുള്ള ഒരു സിലിണ്ടർ ഉപയോഗിക്കുക. ഇക്കാലയളവിൽ 1,100 രൂപ പാചകവാതകത്തിന് മാത്രമായി ഒടുക്കണമെന്നത് പാവപ്പെട്ടവരുടെ അടുക്കളയ്ക്ക് വലിയ തിരിച്ചടിയാവും.

ഹോട്ടലും പൊള്ളും

കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ വാണിജ്യ സിലിണ്ടറുകൾക്കും ക്രമാതീതമായി വില വർദ്ധിച്ചിട്ടുണ്ട്. 100 രൂപയോളം വർദ്ധിച്ച് 2,500ന് മേലെയാണ് പുതിയ വില. ഇത്തരത്തിൽ വില വർദ്ധിക്കുന്നതോടെ ചെറുകിട ഹോട്ടലുടമകളും ഏറെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനും ഇതോടെ ഇവർ നിർബന്ധിതരാവുന്നുണ്ട്. എന്നാൽ ഏകീകരണമില്ലാതെ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനുമാകുമില്ല. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ധാരാളം ചെറുകിട ഹോട്ടലുകൾ പ്രവർത്തനം അവസാനിപ്പിച്ചു. സിലിണ്ടറിനും ഭക്ഷ്യ വസ്തുക്കൾക്കും ഒരുപോലെ വില കൂടുന്നത് ചെറുകിട ഹോട്ടലുടമകൾക്ക് താങ്ങാനാവില്ല.

പെട്രോളല്ലേ..വില പൊള്ളും

കൊവിഡിന് ശേഷം പെട്രോളിനും ഡീസലിനും വില കുതിച്ചുയരുകയാണ്. ഒരു ലിറ്റർ പെട്രോളിന് 116 രൂപ കൊടുക്കണമെന്ന സ്ഥിതിയിലെത്തി. കുടുംബ ബഡ്ജറ്റിനെ ആകെ താളംതെറ്റിക്കുന്ന തരത്തിൽ എല്ലാ മേഖലയിലും ഇത് പോലെ വിലവർദ്ധനവ് വ്യാപകമാണ്. നിത്യ ജോലിക്കായി യാത്ര ചെയ്യുന്നവരിൽ നിന്നും ടാക്സിക്കാരിൽ നിന്നുമൊക്കെ വലിയൊരു തുക പെട്രോളിന് മാത്രമായി കവരുന്നുണ്ട്.

നിർമാണ മേഖലയിലും രക്ഷയില്ല

കഴിഞ്ഞ മൂന്ന് മാസമായി നിർമാണ മേഖലയിലെ ഉത്പന്നങ്ങളും വില വർദ്ധനവിനൊപ്പം മത്സരിക്കുകയാണ്. കമ്പിക്കും സിമന്റിനും വയറിംഗ് ഉത്പന്നങ്ങൾക്കും വില വർദ്ധിച്ചതോടെ ചെറുകിട കരാർ തൊഴിലാളികളടക്കം ബുദ്ധിമുട്ടിലായി. വീട് പണി ആരംഭിച്ച് പൂർത്തിയാക്കാൻ സാധിക്കാത്ത സാധാരണക്കാരുടെ പ്രതിസന്ധി ഇതിലും വലുതാണ്. മഴക്കാലമാവുമ്പോഴേക്കും തീർക്കണമെന്ന് കരുതി ആരംഭിച്ച പല ബിൽഡിംഗ് പ്രവർ‌ത്തികളും നി‌ർമാണ സാമഗ്രികളുടെ വില വർദ്ധനവ് കാരണം നിർത്തിവെക്കേണ്ടി വന്നിട്ടുണ്ടെന്നും കരാറുകർ പറയുന്നു.

കമ്പി - മാർച്ചിൽ 65, മെയ് - 75-80 രൂപ

സിമന്റ് - മാർച്ചിൽ 370 മെയ് - 470 രൂപ

വയറിംഗ് ഉത്പന്നങ്ങൾക്ക് 50 ശതമാനവും വില വർദ്ധിച്ചു.

ഗാർഹിക സിലിണ്ടർ 1100 രൂപ

വാണിജ്യ സിലിണ്ടർ 2,378 രൂപ

ഇപ്പോൾ വില കൂടാത്തതായിട്ട് ഒന്നുമില്ല. എല്ലാത്തിനും വില കൂടിയിട്ടുണ്ട്. നിർമാണ മേഖലയിലെ സാമഗ്രികൾക്ക് മാസം തോറും വില കൂടുന്ന സ്ഥിതിയാണുള്ളത്. ഇത് കരാറുകാരെ വലിയ രീതിയിൽ ബാധിക്കുന്നതാണ്. ഇതിനൊപ്പം തന്നെ തൊഴിലാളികൾക്ക് വലിയൊരു തുക കൂലിയും കൊടുക്കണം. എല്ലാം ചേർത്ത് വൻ തുകയാണ് ചിലവ് വരുന്നത്.

ടി.പി മുഹമ്മദ് ഷാ

സി.ഡബ്ലിയു.എസ്.എ, ജില്ല ജനറൽ സെക്രട്ടറി

Advertisement
Advertisement