മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്ന കലാവിഷ്കാരങ്ങൾ വേണം: മന്ത്രി

Tuesday 10 May 2022 12:20 AM IST

തൃശൂർ: വിദ്വേഷത്തിന്റെയും പകയുടെയും കാലത്ത് മതേതരത്വത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കാനും കലാവിഷ്‌കാരങ്ങൾ പൊതുജനങ്ങളിലെത്തിക്കാനും കഴിയണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംഗീത നാടക അക്കാഡമിയുടെ 2021ലെ പുരസ്‌കാര സമർപ്പണം നിർവഹിക്കുകയായിരുന്നു മന്ത്രി. നാടക കലാകാരന്മാരുടെ സംരക്ഷണത്തിനായി സ്ഥിരം നാടകവേദി കായംകുളത്ത് ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വിവിധ കലാമേഖലകളിൽ അതുല്യ സംഭാവന നൽകിയ മൂന്ന് പേർക്ക് ഫെലോഷിപ്പും 17 പേർക്ക് അവാർഡും 23 പേർക്ക് ഗുരുപൂജ പുരസ്‌കാരവുമാണ് നൽകിയത്. 2019 ലെ മികച്ച നാടക പഠനഗ്രന്ഥത്തിനുള്ള അവാർഡ് രാജൻ തിരുവോത്തിന് നൽകി. വൈസ്‌ചെയർമാൻ സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷനായി. നിർവാഹക സമിതി അംഗം ഫ്രാൻസിസ് ടി. മാവേലിക്കര പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. അംഗങ്ങളായ വിദ്യാധരൻ മാസ്റ്റർ, കലാമണ്ഡലം ശിവൻ നമ്പൂതിരി, പ്രൊഫ. വി. ഹർഷകുമാർ, സെക്രട്ടറി കെ. ജനാർദ്ദനൻ, നിർവാഹക സമിതി അംഗം അഡ്വ.വി.ഡി.പ്രേമപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement