ഒഎൻവി പുരസ്കാരം ടി പത്മനാഭന്, യുവ കവി പുരസ്കാരം അരുൺകുമാറിനും അമൃത ദിനേശിനും

Tuesday 10 May 2022 8:26 PM IST

തിരുവനന്തപുരം: ഇക്കൊല്ലത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് കഥാകൃത്ത് ടി.പത്മനാഭൻ അർഹനായി. 3 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാ സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണു പുരസ്‌കാരം നൽകുന്നത്. ഡോ. എം.എം ബഷീർ, ഡോ. ജോർജ് ഓണക്കൂർ, പ്രഭാവർമ്മ എന്നിവർ ഉൾപ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. 2021ലെ ഒഎൻവി യുവ കവി പുരസ്‌കാരത്തിന് അരുൺകുമാർ അന്നൂരും (കലിനളൻ) 2022ലെ പുരസ്‌കാരത്തിന് അമൃത ദിനേശും (അമൃതഗീത) അർഹരായി. 152 കൃതികളിൽ നിന്നാണ് ഇവരുടെ കവിത സമാഹാരങ്ങൾ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഒഎൻവി കുറുപ്പിന്റെ ജൻമദിനമായ മേയ് 27ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും