കൈയെത്തും ദൂരത്ത് സൗജന്യ ഇന്റർനെറ്റ് , 14,000 കുടുംബങ്ങൾക്ക് ജൂൺ 22 മുതൽ കെ ഫോൺ

Wednesday 11 May 2022 12:38 AM IST

സെക്കൻഡിൽ 15 എം.ബി വേഗത

ദിവസം സൗജന്യം ഒന്നര ജി.ബി ഡാറ്റ

കണ്ണൂർ: സംസ്ഥാനത്താകെ 14,000 ദരിദ്ര കുടുംബങ്ങൾക്ക് ജൂൺ 22 മുതൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകും. പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ- ഫോണിന്റെ ആദ്യ ഘട്ടം അതിനായി കമ്മിഷൻ ചെയ്യാനുള്ള പ്രവർത്തനം ദ്രുതഗതിയിലായി. 140 നിയോജക മണ്ഡലങ്ങളിലും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങൾക്കു വീതമാണ് സൗജന്യ കണക്ഷൻ നൽകുക. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന പട്ടികയനുസരിച്ചാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്.

ഓരോ മാസവും 3000 മുതൽ 5000 വരെ സർക്കാർ ഓഫീസുകളിൽ കെ ഫോൺ സജ്ജമാക്കുന്ന പ്രവർത്തനവും നടക്കുന്നുണ്ട്. 14 ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി തൂണുകളിലൂടെയാണ് കേബിൾ ശൃംഖല സജ്ജമാക്കുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, അക്ഷയകേന്ദ്രങ്ങൾ, പൊലീസ് സ്‌റ്റേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം കെ -ഫോൺ സംവിധാനത്തിനു കീഴിലാകും.

ലക്ഷ്യം, സാദ്ധ്യതകൾ

ഗ്രാമ നഗരഭേദമെന്യേ കേരളമൊന്നാകെ മികച്ച ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ടിവിറ്റി നൽകുക. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുക.മറ്റുള്ളവർക്ക് സബ്സിഡി നിരക്കിൽ കണക്ഷൻ നൽകുക.വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഓൺലൈൻ ലഭ്യത സുഗമമാക്കുക.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതൽ സാദ്ധ്യതകൾ. സ്റ്റാർട്ടപ്പുകൾക്ക് വലിയ രീതിയിൽ പ്രയോജനം. ഗ്രാമങ്ങളിലെ സംരംഭകർക്കുപോലും ഇ–കൊമേഴ്‌സ് സൗകര്യങ്ങൾ വഴി വിപണനം നടത്താൻ അവസരം.സർക്കാർ ഓഫീസിൽ ഓൺലൈൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. ഗ്രാമങ്ങളിൽ ലാഭക്കുറവിന്റെ പേരിൽ ഇന്റർനെറ്റ് സേവനം പരിമിതപ്പെടുത്തുന്ന സ്ഥിതിയ്ക്കും പരിഹാരമാകും.

മൊത്തം ചെലവ് -₹1500 കോടി

374 സബ്‌ സ്‌റ്റേഷനുകൾ

163പൂർത്തിയായി

2785 കി.മീ. ദൈർഘ്യം

2387 കി.മി. പൂർത്തിയായി

2019 ൽ പണി തുടങ്ങി

ക്ലേശമേറിയ മനുഷ്യപ്രയത്‌നം വേണ്ട ജോലികൾ പദ്ധതി നടത്തിപ്പിലുണ്ട്. പ്രളയവും കൊവിഡും സൃഷ്ടിച്ച അസൗകര്യങ്ങൾ എല്ലാം മറികടന്നാണ് ഇത് സാദ്ധ്യമായത്. ഡിജിറ്റൽ രംഗത്തെ അസമത്വത്തിന് വലിയൊരളവിൽ പരിഹാരമാകുന്ന പദ്ധതിയാണിത്-

-മോസസ് രാജകുമാർ,​ കെ. ഫോൺ മേധാവി

Advertisement
Advertisement