സഹ. ഓർഡിനൻസ്: കെ. സുധാകരൻ ഗവർണർക്ക് കത്ത് നൽകി
Wednesday 11 May 2022 12:00 AM IST
തിരുവനന്തപുരം: റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ മാനേജ്‌മെന്റ് കമ്മിറ്റി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ കൊണ്ടുവരുന്ന കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഗവർണർക്ക് കത്ത് നൽകി. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മാത്രമേ വോട്ടവകാശം ഉള്ളൂവെന്നിരിക്കെ വളഞ്ഞവഴിയിലൂടെ ഭരണം പിടിക്കാനാണ് അഡ്മിനിസ്‌ട്രേറ്റർമാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങൾക്ക് വോട്ടവകാശം നൽകുന്നതെന്ന് കത്തിൽ പറയുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, തിരുവനന്തപുരം മുൻ മേഖലായൂണിയൻ ചെയർമാൻ കല്ലട രമേശ്, വട്ടപ്പാറ ചന്ദ്രൻ തുടങ്ങിയവരും ഗവർണർക്ക് നിവേദനം നൽകി.