ഒരു ലക്ഷം കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡ് സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉദ്ഘാടനം

Wednesday 11 May 2022 12:43 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷം കുടുംബങ്ങൾക്കുകൂടി മുൻഗണനാ റേഷൻ കാർഡുകൾ നൽകും. മഞ്ഞ, പിങ്ക് കാർ‌ഡുകളാണ് വിതരണം ചെയ്യുക. സൗജന്യ റേഷനുപുറമേ, സൗജന്യ ചികിത്സയ്ക്കും സാമ്പത്തിക ആനുകൂല്യങ്ങൾക്കും ഇവർ അർഹരാവും. നിലവിൽ ഇവരുടെ കൈവശമുള്ളത് നീല, വെള്ള കാർഡുകളാണ്. സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വിതരണോദ്ഘാടനം നടത്തും.

അർഹതയില്ലാതെ,ഇത്തരം കാർഡുകൾ കൈവശം വച്ചിരുന്ന1,72,312 പേർ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ നിർദേശ പ്രകാരം തിരിച്ചു നൽകിയിരുന്നു. അവയിൽ 1,05,499 എണ്ണം മഞ്ഞ, പിങ്ക് കാർഡുകളായിരുന്നു. അവയിൽ നിന്ന് 70,000 മുൻഗണനാ കാർഡുകൾ അ‌ർഹരായവർക്ക് നൽകി. അതിനു പുറമെയാണ് ഒരു ലക്ഷം മുൻഗണനാ കാർഡ് നൽകുന്നത്.

കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തിൽ 1.54 കോടി വ്യക്തികൾക്ക് സൗജന്യ റേഷന് അർഹതയുണ്ട്. മുൻഗണനാ കാർഡുകളുടെ കണക്കെടുക്കുമ്പോൾ ഇത്രയും വ്യക്തികൾ ഉൾപ്പെട്ടിട്ടില്ല. ഇതോടെയാണ് ഒരു ലക്ഷം കാർഡുകൾ അനുവദിക്കാൻ വഴിയൊരുങ്ങിയത്.

.........................................

92,19,752:

നിലവിലെ മൊത്തം

കാർഡുകൾ

5,90,854:

മഞ്ഞ കാർഡ്

33,81,136:

പിങ്ക് കാർഡ്

28,38,476:

നീല കാർഡ്

24,09,286:

വെള്ള കാർഡ്

..................................................

ആനുകൂല്യങ്ങൾ

മഞ്ഞ: ഒരു കാർഡിന് 30 കിലോ അരിയും 4 കിലോഗ്രാം ഗോതമ്പും സൗജന്യം. 6 രൂപയ്ക്ക് ഒരു പായ്ക്കറ്റ് ആട്ട. 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര

പിങ്ക്: രണ്ടു രൂപ വീതം ഈടാക്കി ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും. 8 രൂപയ്ക്ക് ഒരു കിലോ ആട്ട ലഭിക്കും

രണ്ടു തരം കാർഡുകളിലെയും ഓരോ അംഗത്തിനും കേന്ദ്രത്തിന്റെ 5 കിലോഗ്രാം വീതം ധാന്യം സൗജന്യം

....................................

'' അർഹരായ എല്ലാവരെയും ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒരു ലക്ഷം പേർക്ക് മുൻഗണനാ കാർഡ് നൽകുന്നത് ''

-ജി.ആർ.അനിൽ,

ഭക്ഷ്യമന്ത്രി