പ്ളസ് ടു ഫിസിക്സ് പരീക്ഷണങ്ങൾ ഇനി കമ്പ്യൂട്ടറിലും ചെയ്യാം എക്‌സ്‌പൈസ് എന്ന ഉപകരണവുമായി കൈറ്റ്

Monday 20 May 2019 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ ഫിസിക്സ് പരീക്ഷണങ്ങൾ ഇനി കമ്പ്യൂട്ടറിൽ ഡിജിറ്റൽ രൂപത്തിൽ ചെയ്യാം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇതിനായി എക്സ്‌പൈസ് (എക്സ്പിരിമെന്റ് ഫോർ യംഗ് എൻജിനിയേഴ്സ് ആൻഡ് സയന്റിസ്റ്റ്)​ എന്ന പേരിൽ ഒരു ഉപകരണം നിർമ്മിച്ചിരിക്കുകയാണ്. ലാപ്ടോപ്പുമായും കമ്പ്യൂട്ടറുമായും യു.എസ്.ബി കേബിൾ വഴി എക്സ്‌പൈസ് ഘടിപ്പിക്കാം. നിലവിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മുപ്പത്തിയാറോളം പ്രാക്ടിക്കൽ പ്രവർത്തനങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഇവയെല്ലാം എക്സ്പൈസിന്റെ സഹായത്താൽ ചെയ്യാനാകും. ഓരോ സ്കൂളുകളിലും ഈ അദ്ധ്യയന വർഷത്തോടെ ഉപകരണങ്ങൾ വിതരണം ചെയ്യും. ഒരു ഫിസിക്സ് അദ്ധ്യാപകന് ഒരു ഉപകരണം എന്ന കണക്കിൽ മൂവായിരം രൂപ വിലവരുന്ന എക്സ്‌പൈസ് സൗജന്യമായാണ് സ്കൂളുകൾക്ക് നൽകുന്നത്.

ഗുണങ്ങൾ

 സാധാരണ ലാബിലെ പരീക്ഷണങ്ങൾ വഴി ലഭിക്കുന്ന ഡേറ്റയുടെ ഫലപ്രദമായ വിശകലനം സാദ്ധ്യമാക്കാം.

 എ.സി,​ ഡി.സി സിഗ്നലുകളുടെ നിർമ്മാണം, സോണോമീറ്റർ, സിമ്പിൾ പെൻഡുലം, ഹെലിക്കൽ സ്പ്രിംഗ് തുടങ്ങിയവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ കൃത്യമായി ചെയ്യാം

 അദ്ധ്യാപകന് തിയറി പഠിപ്പിക്കുന്നതോടൊപ്പം തന്നെ ക്ലാസ് മുറിയിൽ പരീക്ഷണങ്ങൾ ഡിജിറ്റൽ രൂപത്തിൽ കാണിക്കാനാകും.

'ഹയർസെക്കൻഡറിയിലെ അവധിക്കാല ഐ.ടി പരിശീലനത്തിന്റെ ഭാഗമായി മുഴുവൻ ഫിസിക്സ് അദ്ധ്യാപകർക്കും ഉപയോഗിക്കാനുള്ള എക്സ്‌പൈസ് ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ സ്കൂളുകളിലും എത്തിക്കും.'

-കെ.അൻവർ സാദത്ത്,​ കൈറ്റ് വൈസ്

ചെയർമാൻ ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടർ