കേരളത്തിൽ എല്ലായിടത്തും നഷ്‌ടം, പക്ഷേ പത്തനംതിട്ടയിൽ മാത്രം കെഎസ്ആർടിസി കൊയ്യുന്നത് ലക്ഷങ്ങളുടെ ലാഭം

Wednesday 11 May 2022 12:34 PM IST

പത്തനംതിട്ട: ശമ്പളം കൊടുക്കാൻ പോലും പണമില്ലാതെ പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടിക്കൂടെയെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ, ഒത്തുപിടിച്ചാൽ കെ.എസ്.ആർ.ട‌ി.സിയെ ലാഭത്തിലാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട ഡിപ്പോ. കെ സ്വിഫ്റ്റ് ഉൾപ്പെടെ പത്തനംതിട്ട ഡിപ്പോ ലാഭത്തിലാണ്. മംഗലാപുരം സ്വിഫ്റ്റ് സർവീസിലെ ജീവനക്കാർ മുങ്ങിയതിനെ തുടർന്ന് സർവീസ് മണിക്കൂറുകൾ വൈകിയ സംഭവം അപവാദമായി മാറിയെങ്കിലും ഡിപ്പോയുടെ പ്രവർത്തനം മികച്ച നിലവാരത്തിലാണെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ വിലയിരുത്തുന്നത്. ഒാർഡിനറി, ദീർഘദൂര സർവീസുകളും സ്വിഫ്റ്റ് സർവീസുകളും മികച്ച വരുമാനമുണ്ടാക്കുന്നു. ജീവനക്കാരുടെ സഹകരണവും സർവീസുകളുടെ കൃത്യതയുമാണ് നേട്ടത്തിന് പിന്നിലെന്ന് ഡിപ്പോ അധികൃതർ പറയുന്നു.

മൂന്ന് സ്വിഫ്റ്റ് സർവീസുകളുടെ ഒരു ട്രിപ്പിന്റെ ശരാശരി വരുമാനം രണ്ട് കോടി കവിഞ്ഞിട്ടുണ്ട്. ചെലവ് ശരാശരി ഒരുകോടി. ശനി, തിങ്കൾ ദിവസങ്ങളിൽ വരുമാനം ഒരു കോടിക്ക് അടുത്തെത്തിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ഒാർഡിനറി, ദീർഘദൂര സർവീസുകളുടെ ഒരു ദിവസത്തെ വരുമാനം എട്ട് ലക്ഷമാണ്. ഡീസലടക്കം ഒരു ദിവസത്തെ ചെലവ് അഞ്ച് ലക്ഷത്തോളം വരും. യാത്രക്കാർക്ക് ആവശ്യമുള്ള റൂട്ടുകളിലേക്ക് കൂടുതൽ സർവീസ് തുടങ്ങാനാണ് തീരുമാനം.

കെ സ്വിഫ്റ്റ് : ഒരു ദിവസത്തെ

വരുമാനം ശരാശരി കണക്കിൽ

പത്തനംതിട്ട - ബംഗളുരു 80,000രൂപ

ചെലവ് 35000

പത്തനംതിട്ട - മൈസൂർ 55,000 രൂപ

ചെലവ് 25000

പത്തനംതിട്ട - മംഗലാപുരം 60,000 രൂപ

ചെലവ് 30,000

ഒാർഡിനറി, ദീർഘദൂര സർവീസുകൾ

വരുമാനം 8 ലക്ഷം

ചെലവ് 5 ലക്ഷം

'' ജീവനക്കാരുടെ ആത്മാർത്ഥതയാണ് ഡിപ്പോയുടെ ഉൗർജം. സർവീസുകൾ കൃത്യസമയത്ത് നടത്താനും ജനസൗഹൃദവുമാക്കാനും ജീവനക്കാർ വലിയ തോതിൽ സഹകരിക്കുന്നുണ്ട്.

തോമസ് മാത്യു, ഡി.ടി.ഒ