സർവകലാശാല പെൻഷൻ ബാദ്ധ്യത സർക്കാർ വഹിക്കും, പെൻഷൻഫണ്ട് ഉത്തരവ് മരവിപ്പിച്ചു

Thursday 12 May 2022 2:33 AM IST

തിരുവനന്തപുരം: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ സർവകലാശാലകളിൽ പെൻഷൻ ഫണ്ടും പെൻഷൻ ഫണ്ട് ബോർഡും രൂപീകരിക്കണമെന്ന ഉത്തരവ് ധനവകുപ്പ് മരവിപ്പിച്ചു.വൈകാതെ ഉത്തരവ് റദ്ദാക്കും. നിലവിൽ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നോൺ പ്ലാൻ ഫണ്ടായി സർക്കാരാണ് നൽകുന്നത്. അത് തുടരും.

ജീവനക്കാരുടെ ശമ്പളത്തിന്റെ 25ശതമാനം എല്ലാ മാസവും പത്തിനകം പെൻഷൻ ഫണ്ടിലേക്ക് മാറ്റണമെന്നും ഇതിന്റെ പത്ത് ശതമാനം സംസ്ഥാന വിഹിതമായി സർക്കാർ നൽകുന്ന ഗ്രാന്റിൽ നിന്ന് വരവുവയ്ക്കാമെന്നും ശേഷിക്കുന്ന 15ശതമാനം സർവകലാശാലകൾ തനതു ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇത് സർവകലാശാലകളെ കടക്കെണിയിലാക്കുമെന്നും ഫീസുകൾ കൂട്ടേണ്ടി വരുമെന്നും 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

പെൻഷന് പണമില്ലെങ്കിൽ ബാങ്കുകളിൽ നിന്നോ സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ കുറഞ്ഞ പലിശയ്ക്ക് കടമെടുക്കാനും ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. സർവകലാശാലകളുടെ ആക്ടിൽ വ്യവസ്ഥയുണ്ടെങ്കിലും, ഒരു സർവകലാശാലയിലും പെൻഷൻ ഫണ്ട് രൂപീകരിച്ചിട്ടില്ല.

പെൻഷൻ, ക്ഷാമാശ്വാസം, ക്ഷാമാശ്വാസ കുടിശിക, ഡി.സി.ആർ.ജി, അനുതാപ ബത്ത, പെൻഷൻ കമ്മ്യൂട്ടേഷൻ, ടെർമിനൽ സറണ്ടർ, കുടുംബപെൻഷൻ, പെൻഷൻ പരിഷ്‌കരണ കുടിശിക എന്നിവ പെൻഷൻ ഫണ്ടിൽ നിന്ന് നൽകാനുള്ള ഉത്തരവാണ് മരവിപ്പിച്ചത്. അതേസമയം, പെൻഷൻ പരിഷ്കരണത്തിനുള്ള അധികബാദ്ധ്യത സർവകലാശാലകൾ തനത് ഫണ്ടിൽ നിന്ന് വഹിക്കണമെന്ന ഉത്തരവ് പിൻവലിച്ചിട്ടില്ല. 2019ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പെൻഷൻ പരിഷ്‌കരണം നടപ്പാക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സർവകലാശാലകൾ കുടിശിക തടഞ്ഞുവച്ചിരിക്കുകയാണ്.

വിദ്യാർത്ഥികൾക്ക്

രക്ഷയായി

വരുമാനം കൂട്ടാൻ ഫീസുകൾ വൻതോതിൽ വർദ്ധിപ്പിക്കേണ്ടിവരുമായിരുന്നു. ഇത് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുമായിരുന്നു.

പെൻഷൻ ഫണ്ട് നടപ്പാവുന്നതോടെ പെൻഷനും ആനുകൂല്യങ്ങളും താളം തെറ്റുമെന്നായിരുന്നു ജീവനക്കാരുടെ ആശങ്ക.

Advertisement
Advertisement