അടുത്ത തൃശൂർപൂരം 2023 ഏപ്രിൽ 30ന്  ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു

Thursday 12 May 2022 10:58 PM IST
തൃശൂർപൂരം

തൃശൂർ: മഴനിഴലിൻ കീഴിൽ എണ്ണമറ്റ പുരുഷാരവത്തെ സാക്ഷിയാക്കി വടക്കുന്നാഥന്റെ ശ്രീമൂല സ്ഥാനത്ത് പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. അടുത്തവർഷം കാണാമെന്ന യാത്രാമൊഴി വികാരഭരിതമായ ചടങ്ങായിരുന്നു. ദേശക്കാരുടെ പകൽപ്പൂരവും ജനനിബിഡത്തിലമർന്നു.

പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ മേളത്തോടെ രാവിലെ ശ്രീമൂലസ്ഥാനത്തേക്ക് തിരിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കിഴക്കൂട്ട് അനിയൻമാരാരും പെരുവനം കുട്ടൻമാരാരും ശ്രീമൂലസ്ഥാനത്ത് കൊട്ടിക്കയറിയപ്പോൾ ഭഗവതിമാർ വടക്കുന്നാഥനെ വണങ്ങാൻ കയറി.

ഒറ്റ പ്രദക്ഷിണത്തിനുശേഷം ആദ്യം പാറമേക്കാവ് ഭഗവതിയും പിന്നാലെ തിരുവമ്പാടിയും പുറത്തിറങ്ങി നിലയുറപ്പിച്ചു. മൂന്ന് തവണ ശംഖ് വിളിച്ചതോടെ, അടുത്ത വർഷം ഏപ്രിൽ 30 ന് പൂരം ആഘോഷിക്കാമെന്ന് ഉറപ്പിച്ചു. തിടമ്പേറ്റിയ പാറമേക്കാവിന്റെ എറണാകുളം ശിവകുമാറും തിരുവമ്പാടിയുടെ ചന്ദ്രശേഖരനും തുമ്പിക്കൈ ഉയർത്തി മൂന്ന് തവണ അഭിവാദ്യം ചെയ്തു പിരിഞ്ഞതോടെ സമാപനമായി. രണ്ടോടെ ഇരുവിഭാഗങ്ങളും പകൽവെടിക്കെട്ട് നടത്തി.
പാറമേക്കാവ് ഭഗവതി വടക്കുന്നാഥനിൽ പ്രവേശിച്ച് ചന്ദ്രപുഷ്‌കരണിയിൽ ആറാട്ട് നടത്തി മടങ്ങി. തിരുവമ്പാടി ഭഗവതി മഠത്തിലെത്തി പടിഞ്ഞാറെ ചിറയിൽ ആറാട്ട് നടത്തി മടങ്ങി.

 പൂര വിളംബരം ഏപ്രിൽ 29 ന്

അടുത്ത വർഷത്തെ പൂരം ഏപ്രിൽ 30ന് ആഘോഷിക്കുമ്പോൾ, പൂര വിളംബരം 29ന് നടക്കും. മേയ് ഒന്നിനാണ് ഉപചാരം ചൊല്ലൽ.

Advertisement
Advertisement