വി.പി. രാമചന്ദ്രൻ അന്തരിച്ചു
കൊച്ചി: പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററുമായ വി.പി. രാമചന്ദ്രൻ (98) അന്തരിച്ചു. എറണാകുളം കാക്കനാട് മാവേലിപുരത്തെ വീട്ടിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. പ്രസിഡന്റ് അയ്യൂബ്ഖാൻ പാകിസ്ഥാനിൽ പട്ടാളനിയമം പ്രഖ്യാപിച്ച വാർത്ത ലോകമറിയുന്നത് വി.പി.ആറിലൂടെയാണ്. ഇന്ത്യ-ചൈന യുദ്ധവും ബംഗ്ലാദേശ് സംഘർഷവും വിയറ്റ്‌നാം യുദ്ധവുമെല്ലാം വി.പി.ആറിന്റെ റിപ്പോർട്ടുകളിലൂടെയാണ് പുറംലോകമറിഞ്ഞത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിശ്വസ്തസുഹൃത്തായിരുന്നു.
തിരുവില്വാമല സ്വദേശി അഡ്വ.തൊഴൂർ ശേഖരൻനായരുടെയും വെട്ടത്ത് രുഗ്മിണി അമ്മയുടെയും മകനായി 1924 ഏപ്രിൽ 21ന് തൃശ്ശൂരിലെ വടക്കാഞ്ചേരി താണപടിയിലായിരുന്നു ജനനം. മിലിട്ടറി അക്കൗണ്ട്‌സിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് അസോസിയേറ്റഡ് പ്രസ് ഒഫ് ഇന്ത്യ (എ.പി.ഐ) ന്യൂസ് ഏജൻസിയുടെ പുനെ ഓഫീസിൽ ടൈപ്പിസ്റ്റായി. പിന്നീട് മുംബയിലെ ഹെഡ്ഓഫീസിൽ ടെലിപ്രിന്റർ ഓപ്പറേറ്ററായി. എഡിറ്റോറിയൽ അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് ഉയർന്നു. എ.പി.ഐയുടെ സ്ഥാനത്ത് പി.ടി.ഐ രൂപവത്കരിച്ചപ്പോഴാണ് പത്രപ്രവർത്തകനായത്.
1959 മുതൽ ആറുവർഷം ലാഹോറിൽ ലേഖകനായിരുന്നു.ഇന്ത്യ-ചൈന യുദ്ധകാലത്ത് പട്ടാളക്കാരോടൊപ്പം യൂണിഫോമിൽ യുദ്ധമുന്നണിയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
1964 ൽ യു.എൻ.ഐയിൽ ചേർന്നു. 1965ൽ യു.എൻ.ഐയുടെ ഡെപ്യൂട്ടി ജനറൽ മാനേജരായി. 1978 ലാണ് മാതൃഭൂമിയിൽ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചേരുന്നത്. 1979ൽ സ്ഥാപക പത്രാധിപരായ കെ.പി.കേശവമേനോൻ അന്തരിച്ചപ്പോൾ മാതൃഭൂമിയുടെ പത്രാധിപരായി. 1984ൽ മാതൃഭൂമിയിൽ നിന്ന് രാജിവച്ചു. 1989ൽ കാക്കനാട് പ്രസ് അക്കാഡമിയുടെ കോഴ്‌സ് ഡയറക്ടറായി. മൂന്ന് കൊല്ലത്തിനുശേഷം അക്കാഡമിയുടെ ചെയർമാനുമായി. ഭാര്യ: പരേതയായ ഗൗരി. മകൾ: ലേഖ. മരുമകൻ: ചന്ദ്രശേഖരൻ.