അമ്പലക്കള്ളൻ 'നമ്പൂതിരി' അറസ്റ്റിൽ

Thursday 12 May 2022 12:09 AM IST

കൊട്ടാരക്കര: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മുൻ പൂജാരി അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവലയിൽ താമസമാക്കിയിരുന്ന കോട്ടയം കുമാരനല്ലൂർ വടക്കേക്കര മഠത്തിൽ സജിത്തിനെയാണ് (36) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര സ്റ്റേഷൻ പരിധിയിലെ കണ്ണങ്കോട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെങ്ങമനാട് കല്ലൂർക്കാവ് ശ്രീകൃഷ്ണ ക്ഷേത്രം, ഇരണൂർ ശ്രീദുർഗാദേവീക്ഷേത്രം എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതി പിടിയിലായത്.

ക്ഷേത്രങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. വിരലടയാളങ്ങളും സജിത്തിന്റേതെന്ന് കണ്ടെത്തിയിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തും നടത്തിയ അന്വേഷണത്തിനൊടുവിൽ കൊട്ടാരക്കര സദാനന്തപുരം ആശ്രമ പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

പൂയപ്പള്ളി കരിങ്ങന്നൂർ ക്ഷേത്രം, കൊട്ടാരക്കര തെച്ചിയോട് ക്ഷേത്രം, പുത്തൂർ തിരു ആദിശമംഗലം ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് നേരത്തെ സജിത്ത് പിടിയിലായിരുന്നു. കഴിഞ്ഞ മാർച്ച് 30ന് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയശേഷം മോഷണത്തിൽ സജീവമാവുകയായിരുന്നു.

കൊട്ടാരക്കര സി.ഐ ജോസഫ് ലിയോൺ, എസ്.ഐമാരായ ദീപു, ജി.രാജീവ്, കെ.ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

40 ദിവസം 8 മോഷണം

40 ദിവസത്തിനുള്ളിൽ എട്ട് ക്ഷേത്രങ്ങളിലാണ് അടുത്തിടെ മോഷണം നടത്തിയത്. ഒന്നര ലക്ഷം രൂപയും സ്വർണ പൊട്ടുകളും കവർന്നു. പോത്തൻകോട് ക്ഷേത്രത്തിലെ പൂജാരിയായിരിക്കവെയാണ് സജിത്തിനെ ആദ്യമായി മോഷണക്കേസിൽ പിടികൂടുന്നത്. നമ്പൂതിരിയെന്ന വിളിപ്പേര് ലഭിച്ചത് അവിടെവച്ചാണ്.

Advertisement
Advertisement