സി.എൻ.ജിയിൽ കുരുങ്ങി ടാക്സിയുടമകൾ : സി.എൻ.ജിക്കും തിരിച്ചടി, വില കുതിക്കുന്നു

Thursday 12 May 2022 1:01 AM IST
സി.എൻ.ജി

മലപ്പുറം: പെട്രോളിനും ഡീസലിനും വില വർദ്ധിക്കുന്നതിനൊപ്പം വിലയിൽ സെഞ്ച്വറിയടിക്കാനുള്ള ഓട്ടത്തിലാണ് സി.എൻ.ജിയും. പെട്രോൾ വില സഹിക്ക വയ്യാതെ സി.എൻ.ജിയിലേക്ക് മാറിയവരിപ്പോൾ ആകെ ആശങ്കയിലാണ്. 56 രൂപയുണ്ടായിരുന്ന സി.എൻ.ജിക്കിപ്പോൾ നാല് മാസത്തിന് ശേഷം 85 രൂപ വരെയെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടയ്ക്ക് 15 രൂപയാണ് ഒറ്റയടിയ്ക്ക് വർദ്ധിപ്പിച്ചത്. ഇന്നലെ ഒരു രൂപയും വർദ്ധിച്ചു. നിത്യ ജീവിതത്തിനായി ലോണെടുത്തും മറ്റും ടാക്സി വാഹനം വാങ്ങിയവരാണ് ഇതോടെ വെട്ടിലായത്. പെട്രോൾ വില 100 കടന്നതോടെ ദുരിതത്തിലായ ഓട്ടോറിക്ഷ ജീവനക്കാരിൽ നിരവധിപേരാണ് സി.എൻ.ജിയുടെ വിലക്കുറവിൽ ആകൃഷ്ടരായി ഇത്തരം വാഹനങ്ങളിലേയ്ക്ക് മാറിയത്. ശേഷം ടാക്സി ചാർജും വർദ്ധിപ്പിച്ചതോടെ ഏറെ ആശ്വാസവുമായിരുന്നു. എന്നാലിപ്പോൾ പെട്രോൾ,​ ഡീസൽ പോലെ സി.എൻ.ജി വിലയും മാസം തോറും വർദ്ധിക്കുന്ന സ്ഥിതിയാണ്.

ബുക്കിംഗുണ്ട് ഒപ്പം ആശയക്കുഴപ്പവും

ജില്ലയിൽ സി.എൻ.ജി ഓട്ടോറിക്ഷകളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. 2021മുതൽ നിരവധി ആളുകൾ സി.എൻ.ജിയിലേക്ക് മാറിയിട്ടുണ്ട്. എന്നാലിപ്പോൾ സി.എൻ.ജി കാറുകൾക്കും ഓട്ടോറിക്ഷകൾക്കുമായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരടക്കം വാതക വിലയിൽ ആശങ്കയിലാണ്. സി.എൻ.ജി ഓട്ടോറിക്ഷകളിലെ മുഖ്യ ആകർഷണം അവയുടെ മൈലേജിലാണ്. എന്നാൽ പെട്രോളിനൊപ്പം സെഞ്ച്വറിയടിക്കുന്ന രൂപത്തിലേക്ക് സി.എൻ.ജിയുമെത്തിയാൽ മൈലേജിലും കാര്യമില്ലാതാവും.

സി.എൻ.ജിക്കായി ഏറെ ദൂരം ഓടണം

സി.എൻ.ജി വാഹനങ്ങൾ പെരുകുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള സി.എൻ.ജി വാതക കേന്ദ്രങ്ങൾ ഇല്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. 2022 ജനുവരിയ്ക്ക് ശേഷം പെരിന്തൽമണ്ണയിൽ മാത്രമാണ് പുതിയ കേന്ദ്രമൊരുക്കിയിട്ടുള്ളത്. ജില്ലയുടെ വ്യതസ്ത ദൂര പരിധികളിലാണ് കേന്ദ്രങ്ങളുള്ളത്. വാതകം നിറയ്ക്കാൻ ഏറെ ദൂരം ഓടണമെന്നതാണ് വലിയ പ്രതിസന്ധി. വാതകം നിറച്ച് ഓട്ടോറിക്ഷകൾ തിരിച്ച് ട്രാക്കിലെത്തുമ്പോഴേക്കും പകുതി വാതകം തീരുന്ന സ്ഥിതിയാണ്. സി.എൻ.ജി നിറയ്ക്കുന്ന കേന്ദ്രങ്ങൾ ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും ആരംഭിക്കണമെന്നതാണ് ടാക്സിക്കാരുടെ ആവശ്യം.

ജില്ലയിൽ 2021ൽ മാത്രം രജിസ്റ്റർ ചെയ്ത് വാഹനങ്ങളുടെ എണ്ണം 246

ഓട്ടോറിക്ഷ- 197

ചരക്ക് വാഹനം - 49

സി.എൻ.ജി സൗകര്യങ്ങളുള്ള സ്ഥലങ്ങൾ

കോഡൂർ, വൈലത്തൂർ‌‌, ചെമ്മാട്, വണ്ടൂർ, രാമനാട്ടുകര ബൈപാസ്, പെരിന്തൽമണ്ണ

പെട്രോളിനും ഡീസലിനും വില കൂടിയപ്പോഴാണ് സി.എൻ.ജിയിലേക്ക് മാറിയത്. എന്നാലിപ്പോൾ സി.എൻ.ജിക്കും വില കൂടുന്ന സ്ഥിതിയാണ്. സി.എൻ.ജി നിറയ്ക്കാനുള്ള ആവശ്യമായ കേന്ദ്രങ്ങൾ കുറവാണെന്ന മറ്റൊരു പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്. മറ്റു വണ്ടികളെ പോലെ ഇതിനും വലിയ തുക ഒടുക്കണമെങ്കിൽ സി.എൻ.ജി വാഹനങ്ങളെ കൊണ്ട് വലിയ കാര്യമില്ല.

- പറമ്പൻ കുഞ്ഞു,​ സി.എൻ.ജി ഓട്ടോ തൊഴിലാളി

Advertisement
Advertisement