ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ ജീപ്പ് വീണ്ടും ലേലം ചെയ്യും,​ ദേവസ്വം യോഗത്തിൽ തീരുമാനം

Thursday 12 May 2022 8:22 PM IST

തൃശൂർ : മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യുും. ദേവസ്വം കമ്മിഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഥാര്‍ പുനര്‍ലേലം ചെയ്യുന്ന തീയതി പത്രമാദ്ധ്യമങ്ങള്‍ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ആദ്യ ലേലം പിടിച്ചത് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് ആയിരുന്നു. എന്നാൽ ഒരാൾ മാത്രമായി ലേലം പൂർത്തിയാക്കാൻ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി.

മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ കാർ പൊതുലേലത്തിലാണ് ബഹ്‌റൈനിലുള്ള പ്രവാസി വ്യവസായിയും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലി സ്വന്തമാക്കിയത്. ലേലം താൽക്കാലികമായി ഉറപ്പിച്ചെങ്കിലും വാഹനം വിട്ടുനൽകുന്നതിൽ പുനരാലോചന വേണ്ടിവന്നേക്കാമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ പ്രതികരിച്ചതോടെ ലേലതീരുമാനത്തിൽ ആശയക്കുഴപ്പമായി. 2021 ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്കു കാണിക്കയായി നൽകിയതാണ് കാർ. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു നൽകിയത്.

Advertisement
Advertisement