പെൺകുട്ടിക്ക് വേദിയിൽ അപമാനം: കേരളത്തിന്റെ മൗനം കുറ്റകരം , രൂക്ഷ വിമർശനവുമായി ഗവർണർ

Friday 13 May 2022 2:03 AM IST

തിരുവനന്തപുരം: പെരിന്തൽമണ്ണയിൽ സമസ്ത നേതാവ് മുസ്ലീം പെൺകുട്ടിയെ സമ്മാനദാന ചടങ്ങിൽ സ്​റ്റേജിൽ അപമാനിച്ചതിൽ അതിരൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

പെൺകുട്ടിയെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ച കുറ്റകൃത്യത്തിൽ സ്വമേധയാ കേസെടുക്കണം. ലിംഗസമത്വത്തിനും സ്ത്രീകളുടെ അന്തസും അഭിമാനവും സംരക്ഷിക്കുന്നതിനും പേരുകേട്ട കേരള സമൂഹത്തിന്റെ നിശബ്ദത ഖേദകരമാണ്. കൂടുതൽ പ്രതിഷേധം ഉയരേണ്ടതായിരുന്നു. സർക്കാരും മൗനം പാലിച്ചതിൽ നിരാശയുണ്ട്. പ്രതികരിക്കാത്ത നേതാക്കളെക്കുറിച്ച് ലജ്ജിക്കുന്നെന്നും അദ്ദേഹം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചെറുപ്രായത്തിൽ ആ പെൺകുട്ടിയുടെ മനോധൈര്യത്തെ അഭിനന്ദിക്കുന്നു. ധൈര്യം ഇല്ലായിരുന്നെങ്കിൽ അത്രയേറെ അപമാനം സഹിച്ച കുട്ടി വേദിയിൽ തളർന്നു വീണേനെ. മുസ്ലീം സ്ത്രീകളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനുള്ള പുരോഹിതരുടെയും മതനേതാക്കളുടെയും ശ്രമമാണിത്. ഇതിന് ഖുർആൻ വചനങ്ങളുടേയോ ഭരണഘടനയുടേയോ പിൻബലമില്ലെന്നു മാത്രമല്ല അവയുടെ ലംഘനവുമാണ്.

പെൺകുട്ടി ഹിജാബ് ധരിച്ചാണ് സ്​റ്റേജിൽ എത്തിയത്. ഹിജാബിനു വേണ്ടിയാണ് പോരാടുന്നതെങ്കിൽ എന്തിനാണ് അതു ധരിച്ചെത്തിയ പെൺകുട്ടിയെ അപമാനിച്ചത്. നിങ്ങളുടെ ആത്യന്തികലക്ഷ്യം ഹിജാബ് അല്ല. ഇത്തരം ആളുകളാണ് ഇസ്ലാമോഫോബിയ പരത്തുന്നത്. മുസ്ലിം ആയ തനിക്ക് ഇങ്ങനെ തോന്നുന്നെങ്കിൽ, അല്ലാത്തവരുടെ അവസ്ഥ എന്താകും. ഇക്കൂട്ടർക്കാണ് മേൽക്കൈയെങ്കിൽ സ്വന്തം താത്പര്യങ്ങൾ എല്ലാ സ്ത്രീകളിലും അടിച്ചേൽപ്പിക്കുമെന്ന് ഭയപ്പെടുന്നു. തന്റെ കുടുംബത്തിലെ സ്ത്രീകളിലും അവരുടെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ നോക്കും.

വിദ്യാഭ്യാസത്തിലുള്ള പെൺകുട്ടികളുടെ താത്പര്യം ഇല്ലാതാക്കി സ്വയം നാലു ചുമരുകൾക്കുള്ളിൽ തളച്ചിടാൻ നിർബന്ധിതരാക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല ഇത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരണം. അവർ ആയിരം മദ്റസകൾ നടത്തുന്നുണ്ടാവും പക്ഷേ അതൊന്നും ഒരു പെൺകുട്ടിയെ അപമാനിക്കുന്നത് സാധൂകരിക്കുന്നില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഭരണഘടനയാണ് ഇവിടെ ജീവിതത്തിന് അടിസ്ഥാനം. പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിക്കുന്നതും മാനിസകമായി തളർത്താനും തകർക്കാനും ശ്രക്കുന്നതും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ ശക്തമായി പ്രതികരിക്കണം- ഗവർണർ പറഞ്ഞു.

Advertisement
Advertisement