നടൻ ദിലീപിനെതിരെ കൂടുതൽ തെളിവുണ്ടെങ്കിൽ ഹാജരാക്കണം

Friday 13 May 2022 2:09 AM IST

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതി ദിലീപ് ശ്രമിച്ചതിന് കൂടുതൽ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കാൻ വിചാരണക്കോടതി നിർദ്ദേശിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയുടെ വാദത്തിനിടെയായിരുന്നു ഇത്.

2020ൽ പ്രോസിക്യൂഷൻ ഇതേ ആവശ്യമുന്നയിച്ച് സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. വീണ്ടും ഹർജി സമർപ്പിക്കാനുള്ള സാഹചര്യം വ്യക്തമാക്കാൻ കോടതി നിർദ്ദേശിച്ചു.

ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനു തെളിവായി ശബ്ദരേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ കേൾപ്പിച്ചു. കാവ്യാമാധവന്റെ വസ്ത്രശാലയിലെ ജീവനക്കാരനായിരുന്ന സാഗർ വിൻസന്റ്, ശരത്ബാബു, ഡോ. ഹൈദരലി എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളാണ് ശ്രദ്ധയിൽപ്പെടുത്തിയത്. പ്രോസിക്യൂഷൻ മുഴുവൻ തെളിവുകളും ഹാജരാക്കിയ ശേഷം മാത്രം വാദം നടത്താമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. 19ന് കേസ് വീണ്ടും പരിഗണിക്കും.

 വിവാദങ്ങളിൽ അതൃപ്തി

വിചാരണ നടപടികളുടെ ഭാഗമായി സ്വന്തം കുടുംബാംഗങ്ങളും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നതിലുള്ള അതൃപ്തി ജഡ്ജി പ്രകടിപ്പിച്ചു. ''പിതാവും ഭർത്താവും ചർച്ചകൾക്കു വിഷയമാകുന്നു. 12 വയസു മാത്രം പ്രായമുള്ള മകൾ മാത്രമാണ് ഇനി ബാക്കി. ഈ പദവിയുടെ അന്തസ്സും ഉത്തരവാദിത്വവും അറിഞ്ഞുതന്നെയാണ് ഇവിടെ ഇരിക്കുന്നത്." വാദത്തിനിടെ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസ് പറഞ്ഞു.

കോടതി സ്വാധീനത്തിനു വഴങ്ങിയെന്ന ആക്ഷേപമില്ലെന്നും കോടതി ജീവനക്കാർ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.

Advertisement
Advertisement