എൽ.പി.എസ്.ടി സമരം 151 ദിവസം പിന്നിട്ടു : ഭിക്ഷ യാചിച്ചും സമരം,​ ഇനി എത്ര നാൾ ?​

Friday 13 May 2022 1:23 AM IST

മലപ്പുറത്തെ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന സമരം

മലപ്പുറം: എൽ.പി.എസ്.ടി മുഖ്യ പട്ടികയിലെ അപാകതകൾ പരിഹരിച്ച് ലിസ്റ്റ് വിപുലീകരിക്കണമെന്ന ആവശ്യവുമായി മലപ്പുറത്തെ ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന സമരം 151 ദിവസം പിന്നിടുന്നു. 92 ദിവസം മലപ്പുറം കളക്ടറേറ്റ് പരിസരത്ത് നടത്തിയ നിരാഹാര സമരത്തിൽ പ്രതീക്ഷകൾ മങ്ങിയപ്പോഴാണ് സമരം സെക്രട്ടേറിയറ്റിന് മുമ്പിലേക്ക് മാറ്റിയത്. അഞ്ച് മാസങ്ങൾക്കിപ്പുറവും ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്നതൊന്നും സർക്കാരിന്റ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ജില്ലയിലെ എൽ.പി സ്കൂളുകളിൽ നിരവധി ഒഴിവുകളുണ്ടായിട്ടും പി.എസ്.സി മാനദണ്ഡങ്ങൾ ലംഘിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് സമരക്കാരായ ഉദ്യോഗാർത്ഥികൾ ആവർത്തിച്ച് പറയുന്നുണ്ട്. സമരം 151 ദിവസം പിന്നിട്ടിട്ടും പി.എസ്.സി ചെയർമാൻ ഇവരോട് സംസാരിക്കാൻ പോലും തയ്യാറായിട്ടില്ല. മലപ്പുറത്ത് നടത്തിയ 92 ദിവസത്തെ നിരാഹാര സമരത്തിനിടയിൽ മന്ത്രി വി.അബ്ദുറഹിമാനെ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാൽ പ്രതീക്ഷ നൽകുന്ന വാക്കുകളൊന്നും മന്ത്രിയും നൽകിയില്ല. നിത്യവരുമാനത്തിനായി സ്കൂളുകളിൽ താത്കാലിക ജോലി ചെയ്യുന്നവരടക്കം സമര മുഖത്തുണ്ട്. നീതി പുലരും വരെ സമരം ചെയ്യുമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

സർക്കാരിനെല്ലാമറിയാം, ആശ്വാസവാക്കു പോലുമില്ല

എൽ.പി.എസ്.ടി ഷോർട്ട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 997 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്കൂളിലെ ഒഴിവുകളെ അടിസ്ഥാനമാക്കി പിഎസ്.സി മാനദണ്ഡ പ്രകാരം 3,543 പേരുൾപ്പെടുന്ന ലിസ്റ്റായിരുന്നു പ്രസിദ്ധീകരിക്കേണ്ടതെന്നാണ് ഉദ്യോഗാർത്ഥികളുടെ പക്ഷം. പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്ത 860 ഒഴിവുകളും കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് കാരണം നടക്കാതിരുന്ന സ്റ്റാഫ് ഫിക്സേഷൻ ഒഴിവുകളുമടക്കം മുവ്വായിരത്തിലധികം ഒഴിവുകൾ നിലവിലുണ്ടെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. ഈ ഒഴിവിലേക്ക് ബാക്കിയുള്ള ഉദ്യോഗാർത്ഥികളെ എടുത്താൽ പ്രശ്നത്തിന് പരിഹാരമാവും.

സമരത്തിനിടയ്ക്ക് പ്രശ്നങ്ങളുന്നയിച്ച് മൂന്ന് തവണയോളം സമരക്കാർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാൽ അനുകൂലമായ നടപടികൊളൊന്നും ഉണ്ടായിട്ടില്ല. ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിലുള്ള പ്രതിസന്ധിയെന്തെന്ന് വിശദീകരിക്കാനും സർക്കാർ തയ്യാറായിട്ടില്ലെന്നും സമരക്കാർ പറയുന്നു.

സമരമെത്ര കണ്ടതാ,​ ഫലമില്ല

മലപ്പുറത്ത് നിന്ന് ആരംഭിച്ച സമരമിന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ സജീവമാണെങ്കിലും ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ നടപടികളുണ്ടായിട്ടില്ല. മലപ്പുറത്തെ നിരാഹാര സമരത്തിനിടയ്ക്ക് 72 സമരക്കാരെ ആശുപത്രിയിലടക്കം പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ഒടുവിൽ ഉദ്യോഗാർത്ഥികൾ ഇന്നലെ സെക്രട്ടേറിയറ്റിന് മുമ്പിൽ ഭിക്ഷ യാചിച്ച് സമരം ചെയ്തു നോക്കി. അതും ഫലം കണ്ടില്ല. അഞ്ചോളം വ്യതസ്ത സമര രംഗങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികൾ കടന്നുപോയത്. ആദ്യം മുട്ടിലിഴഞ്ഞ് സർക്കാരിനോട് ചോദിച്ച് നോക്കി. ഫലമില്ലെന്ന് കണ്ടപ്പോൾ ശയനപ്രദക്ഷിണം നടത്തി. വനിതാ ഉദ്യോഗാർത്ഥിയുടെ തല മുണ്ഡനം ചെയ്തും സർക്കാരിനോട് പ്രതിഷേധമറിയിച്ചു. ഓട്ടൻതുള്ളൽ നടത്തി ഉദ്യോഗാർത്ഥികൾ അവരുടെ വിഷമങ്ങൾ സർക്കാരിനോട് പങ്കുവച്ചു. ഏറ്റമൊടുവിൽ ഇന്നലെയായിരുന്നു ഭിക്ഷ യാചിച്ചുള്ള സമരം.

അഞ്ച് മാസമായി തുടരുന്ന സമരമാണ്. മുന്നൂറോളം പേർ സമര രംഗത്തുണ്ട്. മുഖ്യമന്ത്രിയെ കണ്ടിരുന്നു. മറ്റാരെയും ഇതുവരെ കാണാനായിട്ടില്ല. സർക്കാർ അനുകൂല അദ്ധ്യാപക സംഘടനയല്ലാത്ത മറ്റ് അദ്ധ്യാപക സംഘടനകളെല്ലാം ഞങ്ങളെ സന്ദർശിച്ചിരുന്നു. എന്തായാലും ലക്ഷ്യം കാണുന്നത് വരെ സമരം ചെയ്യും.

ഷബീർ അൻസാരി,​ ഉദ്യോഗാർത്ഥി

Advertisement
Advertisement