സമസ്ത വേദിയിലെ പെൺവിലക്കിൽ രൂക്ഷ വിമർശനം,  യാഥാസ്ഥിതിക ചിന്തകളെ തളയ്ക്കണമെന്ന് സി പി ഐ മുഖപത്രം

Friday 13 May 2022 8:13 AM IST

മലപ്പുറം : സമസ്ത നേതാവ് പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും അമർഷം ഉയരവേ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സി പി ഐ മുഖപത്രം. ജനയുഗത്തിൽ ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് പെൺവിലക്കിനെതിരെ വിമർശനമുള്ളത്. യാഥാസ്ഥിതിക ചിന്തകളെ തളയ്ക്കണമെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

എത്രയെല്ലാം അടിച്ചമർത്തുവാൻ ശ്രമിച്ചിട്ടും വേലിക്കെട്ടുകൾ തകർത്ത് ശാസ്ത്ര, സാങ്കേതിക, സാഹിത്യ മേഖലകളുൾപ്പെടെയുള്ള ഉന്നത രംഗത്തേയ്ക്ക് കടന്നുവന്ന നിരവധി മുസ്ലീം സ്ത്രീകൾ കേരളത്തിലുണ്ട്. എന്നിട്ടും യാഥാസ്ഥിതിക നിലപാടുകളും ആക്രോശങ്ങളും ആവർത്തിക്കുന്നുവെന്നത് അപമാനകരമാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. മലപ്പുറം പെരിന്തൽമണ്ണയിൽ ഉപഹാരം വാങ്ങുന്നതിനായി വേദിയിലേക്ക് ക്ഷണിച്ച പത്താംതരം വിദ്യാർത്ഥിനിയെ അപമാനിക്കുകയും തിരിച്ചയക്കുകയും ചെയ്ത സംഭവം അതിൽ ഒടുവിലത്തേതാണ്. സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിൽ ഇ കെ സമസ്ത നേതാവ് എം ടി അബ്ദുള്ള മുസ്ലിയാരാണ് പ്രകോപിതനാവുകയും 'ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്', എന്ന് പരസ്യമായി ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുകയുമാണ് ചെയ്തത്.

ഇത്തരം പ്രാകൃത യാഥാസ്ഥിതിക നിലപാടുകൾക്കെതിരാണെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് എല്ലാ കോണുകളിൽ നിന്നും ഉണ്ടായത്. അതേസമയം ഈ വിഷയത്തെ സാമുദായികവൽക്കരിക്കുവാനും രാഷ്ട്രീയവൽക്കരിക്കുവാനുമുള്ള ശ്രമങ്ങൾ ഉണ്ടായെന്നും ജനയുഗം ചൂണ്ടിക്കാട്ടുന്നു. ഒരു മതത്തിനെതിരെ തിരിച്ചുവിടാനുള്ള ചില വർഗീയ സംഘടനകളുടെ ശ്രമങ്ങളെ തിരിച്ചറിയണം.

ആധുനിക നവോത്ഥാന കേരളത്തിൽ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുവാൻ പാടില്ലാത്ത ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ അതേ സമുദായങ്ങൾക്കകത്ത് നിന്നുതന്നെ പ്രതിരോധമുയരണമെന്നും എങ്കിൽ മാത്രമേ ഇത്തരം യാഥാസ്ഥിതിക ശക്തികളെ എല്ലാകാലത്തേക്കും ഇല്ലാതാക്കുവാൻ സാധിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയാണ് ജനയുഗം മുഖപ്രസംഗം അവസാനിക്കുന്നത്.

സമസ്ത നേതാവ് പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും വിശദീകരണം തേടി. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും റിപ്പോർട്ട് നൽകണം. കഴിഞ്ഞദിവസം മലപ്പുറം പെരിന്തൽമണ്ണയിലെ മദ്രസാ വാർഷികത്തിൽ പുരസ്‌കാരം വാങ്ങാൻ വേദിയിലെത്തിയ പെൺകുട്ടിയെ ഇറക്കിവിട്ട സംഭവമാണ് വ്യാപക വിമർശനത്തിന് വഴിവച്ചിരുന്നു. സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുള്ള മുസ്ല്യാരുടെ അധിക്ഷേപത്തിനെതിരെ ഗവർണർ അടക്കം രംഗത്തുവന്നിരുന്നു. സമസ്ത നേതാവിനെതിരെ കേസെടുക്കേണ്ടതാണെന്നും, എന്തുകൊണ്ട് സർക്കാർ അത് ചെയ്യുന്നില്ല എന്നും ഗവർണർ ചോദിച്ചു.

Advertisement
Advertisement