മഴയെ വകവയ്ക്കാതെ കണ്ണൂർ സെൻട്രൽ ജയിലിനുമുന്നിൽ തടവുകാർ കൂട്ടംകൂടിയത് പുതിയ ബാഗും ബക്കറ്റുകളുമായി, ചിരിച്ചുകളിച്ച് സന്തോഷം പങ്കിട്ട് ടി പി വധക്കേസിലെ പ്രതികൾ
കണ്ണൂർ: ഇന്നലെ വൈകുന്നേരം ചാറ്റൽ മഴയെ അവഗണിച്ചും കണ്ണൂർ സെൻട്രൽ ജയിലിനുമുന്നിലെ റോഡിൽ തടവുകാരുടെ വൻ തിരക്കായിരുന്നു. ഏറെ നാളുകൾക്കുശേഷം കാണുന്ന ചിലർ കൈകൊടുത്തും കെട്ടിപ്പിടിച്ചും സന്തോഷം പങ്കുവച്ചു. പുതിയ ബാഗും ബക്കറ്റുമൊക്കെയായി കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പമാണ് ചിലർ എത്തിയത്. മറ്റുചിലർ എത്തിയത് നാട്ടുകാർക്കൊപ്പമാണ്...കൊവിഡ് പരോൾ കഴിഞ്ഞ് തടവുകാർക്ക് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം തിരിച്ചെത്താനുളള അവസാന ദിവസമായിരുന്നു ഈ ഒത്തുചേരൽ. വൈകുന്നേരം. നാലുമണിയോടെ തന്നെ ഭൂരിപക്ഷം പേരും തിരിച്ചെത്തി.181 തടവുകാരാണ് പരോൾ കഴിഞ്ഞ് എത്തേണ്ടിയിരുന്നത്.
ടി.പി. വധക്കേസിലെ ആറ് പ്രതികളായിരുന്നു പരോൾ കഴിഞ്ഞെത്തിയവരിൽ 'വി ഐ പികൾ'. ഒരു കൂസലുമില്ലാതെ തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചും കൈകൊടുത്തുമായിരുന്നു അവർ എത്തിയത്.പരോൾ ലഭിച്ചവർക്ക് 14 മാസം വരെ ജയിലിന് പുറത്ത് കഴിയാൻ അവസരം ലഭിച്ചിരുന്നു. ഏറ്റവും ഗുണം ലഭിച്ചത് ടി.പി. വധക്കേസ് പ്രതികൾക്കാണ്. വിയ്യൂർ ജയിലിൽ തടവിൽ കഴിയുന്ന കൊടി സുനിക്ക് മാത്രമാണ് പരോൾ ലഭിക്കാത്തത്. സംസ്ഥാനത്തെ മറ്റുജയിലുകളിൽ പരാേളിലുണ്ടായിരുന്നവർ എല്ലാവരും മടങ്ങിയെത്തിയെന്നാണ് റിപ്പോർട്ട്.
കൊവിഡ് പരോൾ ലഭിച്ചവർക്ക് ജയിലിൽ തിരിച്ചെത്താൻ ഇന്നലെവരെയാണ് സുപ്രീംകോടതി സമയം അനുവദിച്ചിരുന്നത്. പരോൾ നീട്ടണമെന്നാവശ്യപ്പെട്ട് ടി.പി. വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ.രജീഷ്, കെ.സി.രാമചന്ദ്രൻ എന്നിവർ ഉൾപ്പെടെ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ വിധി.