മന്ത്രിയെന്ന നിലയിൽ വീണാജോർജ് പരാജയം;ഫോൺ എടുക്കാറില്ല: ചിറ്റയം

Saturday 14 May 2022 12:00 AM IST

പത്തനംതിട്ട: എന്റെ കേരളം പ്രദർശന മേളയിൽ ക്ഷണിക്കാതിരുന്നതിന് മേൽനോട്ടച്ചുമതലയുള്ള മന്ത്രി വീണാജോർജിനെ രൂക്ഷമായി വിമർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ജില്ലയിലെ മന്ത്രിയെന്ന നിലയിൽ വീണാജോർജ് വൻപരാജയമാണെന്ന് അദ്ദേഹം അടൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

വീണ തന്നോട് ഒരുകാര്യവും ആലോചിക്കുന്നില്ല. എം.എൽ.എമാരെ ഏകോപിപ്പിക്കുന്നതിൽ അവർ പരാജയമാണ്. സർക്കാരിന്റെ വാർഷിക പരിപാടിയായ എന്റെ കേരളം പ്രദർശന മേളയുൾപ്പെടെ ഒരു കാര്യവും ക്യാബിനറ്റ് റാങ്കുള്ള തന്നെ അറിയിച്ചിട്ടില്ല. വിളിച്ചാൽ ഫോൺ എടുക്കാറില്ല. പരിപാടിയുടെ ഉദ്ഘാട‌നത്തലേന്ന് രാത്രിയിലാണ് അദ്ധ്യക്ഷനാകണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടത്. വിളംബര ഘോഷയാത്രയിലും പങ്കെടുപ്പിച്ചില്ല. തന്റെ മണ്ഡലത്തിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരിപാടികൾ തന്നെ അറിയിക്കാതെ മന്ത്രി ഉദ്ഘാടനം ചെയ്തിട്ടുപോകുന്നു. പ്രശ്നങ്ങൾ സി.പി.എം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ചിറ്റയം വ്യക്തമാക്കി.

എന്നാൽ, പരിപാടിയുടെ സംഘാടകനായ ചിറ്റയത്തെ ക്ഷണിക്കേണ്ടതുണ്ടോ എന്നുചോദിച്ച് സി.പി.എം ജില്ലാ നേതൃത്വം മന്ത്രിയെ ന്യായീകരിച്ചു. ആരോപണത്തിൽ കഴമ്പില്ലെന്നും വീണ പ്രവർത്തനത്തിൽ വീഴ്ചവരുത്തിയിട്ടില്ലെന്നും സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു.

പരിപാടിയുടെ ഫ്ളക്സിൽ എന്റെ ചിരിച്ച ചിത്രം വച്ചതല്ലാതെ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല. കാളവണ്ടിയിൽ സിനിമാ പോസ്റ്റർ വിതരണം ചെയ്തിരുന്ന കാലത്തേതു പോലെ ഒാടിച്ചെന്ന് പോസ്റ്റർ കണ്ട് സിനിമയ്ക്ക് പോകുന്നയാളല്ല ഞാൻ.

ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ.

മകളുടെ കല്യാണത്തിന് വിളിച്ചില്ല എന്ന് അച്ഛൻ പറയുന്നതുപോലെ വിചിത്രമാണിത്. പരിപാടി നടത്തേണ്ടയാൾ എന്നെ അറിയിച്ചില്ലെന്ന് പറഞ്ഞ് മാറി നിൽക്കുകയാണ്.

കെ.പി.ഉദയഭാനു, സി.പി.എം ജില്ലാ സെക്രട്ടറി.

എന്റെ കേരളം പരിപാടിയിൽ വേണ്ടത്ര ഏകോപനമുണ്ടായില്ല. ഡെപ്യൂട്ടി സ്പീക്കറെ ക്ഷണിക്കാതിരുന്നത് സി.പി.എെ ചർച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യം മുന്നണിയിലും എം.എൽ.എമാരുടെ യോഗത്തിലും ഉന്നയിക്കും.

എ.പി.ജയൻ, സി.പി.എെ ജില്ലാ സെക്രട്ടറി