# മുടന്തി നീങ്ങി മഴക്കാല പൂർവ ശുചീകരണം ശുചിയാകുമോ; മഴയെത്തും മുമ്പെ ?

Saturday 14 May 2022 12:03 AM IST
കോഴിക്കോട് കോതി പാലത്തിന് സമീപം മലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ചനിലയിൽ

# കാലവർഷം നേരത്തെയെത്തുമെന്ന് കാലാവസ്ഥ പ്രവചനം

കോഴിക്കോട്: ഡങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾ വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പറയുമ്പോഴും മഴക്കാല പൂർവ ശുചീകരണം കാലവർഷത്തിന് മുമ്പേ പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് നഗരവാസികൾ. കോർപ്പറേഷൻ നടപ്പാക്കുന്ന മഴക്കാല പൂർവ ശുചീകരണം വൈകിയെന്നാണ് നഗരവാസികളുടെ പരാതി. മിക്ക വാർഡുകളിലും ആവശ്യത്തിന് പണം ലഭ്യമായില്ലെന്ന് കൗൺസിലർമാരും പറയുന്നു. വെള്ളം കയറാൻ സാദ്ധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഏപ്രിൽ അവസാനത്തോടെയാണ് ശുചീകരണം ആരംഭിച്ചത്. മഴകൂടി എത്തിയതോടെ പ്രവൃത്തി തടസപ്പെടുന്ന സാഹചര്യമാണ്. മേയ് അവസാന ആഴ്ചയോടെ കാലവർഷം ആരംഭിക്കുമെന്ന അറിയിപ്പ് എത്തിയതോടെ ആശങ്ക കനപ്പെട്ടുവരികയാണ്.

നഗരത്തിലെ ഓടകളും തോടുകളുമെല്ലാം മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച സ്ഥിതിയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കടുത്ത ആശങ്കയിലാണ്. മാലിന്യം നിറഞ്ഞു ഒഴുക്ക് നിലച്ച ബി.കെ.കനാൽ കടന്നുപോകുന്ന കപ്പക്കലിലും പയ്യാനക്കലിലുമെല്ലാം പ്രതിസന്ധി രൂക്ഷമാണ്. വെള്ളയിലും തോപ്പയിലും പുതിയപാലം പ്രദേശങ്ങളും ആശങ്കയിലാണ്.

ശുചീകരണത്തിനായി ഫണ്ട് നൽകുന്നതിന്എൻജനിയറിംഗ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ അപാകതയുണ്ടെന്നാണ് കൗൺസിലർമാരുടെ പരാതി. പ്രാദേശികമായി വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ നടക്കാറുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണ ഉണ്ടാകാതിരുന്നതും തിരിച്ചടിയായി.

@ പനി ഭീഷണിയിൽ

മഴ പെയ്യുന്നതോടെ മാലിന്യം കൂടുതൽ അഴുകി രോഗങ്ങൾ വിളിച്ചു വരുത്തുന്ന സ്ഥിതിയാണ്. എലിപ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ, എച്ച് 1 എൻ 1, വയറിളക്കം, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ മഴക്കാലത്ത് വേഗത്തിൽ പിടിപെടാൻ സാദ്ധ്യത ഏറെയാണ്. ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശമുണ്ടെങ്കിലും വേണ്ടരീതിയിൽ പാലിക്കപ്പെടുന്നില്ല. നഗരത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

@ ബൈപാസിലും വേണം 'ബൈപാസ് ശസ്ത്രക്രിയ'

രാമനാട്ടുകര - വെങ്ങളം ബൈപാസ് ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി മണ്ണിട്ടതോടെ ഓവുചാലുകളും അടഞ്ഞത് പ്രദേശത്ത് വെള്ളപ്പൊക്ക സാദ്ധ്യത ഏറുകയാണ്. ചെമ്പ്ര, ചുള്ളിയോട് തോടുകൾ അടഞ്ഞതോടെ കുടിൽതോട്, പൊറ്റമ്മൽ, സിവിൽ സ്റ്റേഷൻ, കോട്ടൂളി, ചേവായൂർ വാർഡുകളിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ മഴയിൽ വെള്ളം കയറിയിരുന്നു. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. റോഡിനിരുവശവും മണ്ണ് വീടണഞ്ഞ ഓവുചാലുകളും ഓവുപാലങ്ങളും മഴയ്ക്ക് മുമ്പെ വൃത്തിയാക്കി വെള്ളം ഒഴുകുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുന്നു

" വാർഡുകളിലെ സാനിറ്റേഷൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ആദ്യഘട്ടമായാണ് 20,000 രൂപ നൽകിയത്. എല്ലാ വാർഡുകളിലും 50,000 രൂപ നൽകാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണം പൂർത്തിയാക്കാനുള്ള ഫണ്ട് നൽകുന്നുണ്ട്. വലിയ ചെലവ് വരുന്നവ പദ്ധതികളായി നടപ്പാക്കണം.

ഡോ. എസ്. ജയശ്രീ ( കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ )

" ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തത് വലിയ തിരിച്ചടിയാണ്. മഴക്കാലം കഴിഞ്ഞിട്ട് ശുചീകരണം നടത്തിയിട്ട് കാര്യമില്ല. മിക്ക വാർഡുകളിലും ശരിയായ എസ്റ്റിമേറ്റല്ല ഓവർസിയർമാർ നൽകിയത്. സ്വന്തം ഉത്തരവാദിത്വത്തിലാണ് വാർഡിലെ മഴക്കാല പൂർവ ശുചീകരണം നടത്തുന്നത് "

കെ.സി. ശോഭിത ( പ്രതിപക്ഷ നേതാവ് )

Advertisement
Advertisement