പേപ്പട്ടി പേടിയിൽ പൂങ്കാവ് : കൊച്ചുകുട്ടി ഉൾപ്പെടെ ആറ് പേർക്ക് കടിയേറ്റു
പ്രമാടം : ഭീതി വിതച്ച് പൂങ്കാവ് ജംഗ്ഷനിൽ പേപ്പട്ടി ആക്രമണം. കൊച്ചുകുട്ടി ഉൾപ്പെടെ ആറ് പേർക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പൂങ്കാവ് പുത്തേത്ത് ആലീസ്, ഹോട്ടൽ ജീവനക്കാരൻ ഇളകൊള്ളൂർ സ്വദേശി ജോർജ്ജുകുട്ടി, മേസ്തരി തൊഴിലാളി തോമസ്, ബംഗാൾ സ്വദേശി മണിറൂൾ, അസാം സ്വദേശി സമീർ, ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഇത്തരസംസ്ഥാന തൊഴിലാളി റാമറിന്റെ മകൾ രണ്ടര വയസുകാരി ജീവറാണി എന്നിവർക്കാണ് കടിയേറ്റത്. പൂങ്കാവ് ജംഗ്ഷനിൽ എസ്.ബി.ഐക്ക് സമീപം ചെറുകിട കച്ചവടം നടത്തുന്ന മണലാടിയിൽ ചന്ദ്രബാബുവിനെ കടയിൽ കയറി നായ് കടിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപെട്ടു. വാൽ താഴ്ത്തി വായിൽ നിന്നും നുരയും പതയും ഒലിക്കുന്ന നായയാണ് ജനങ്ങളെയും മറ്റുതെരിവുനായകളെയും ഓടിച്ചിട്ട് കടിച്ചത്. ഇതിന് പേ വിഷബാധയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.
ആറുമാസം മുമ്പും പ്രമാടം, പൂങ്കാവ് മേഖലകളിൽ പേപ്പട്ടി ആക്രമണമുണ്ടായി. അന്ന്
നിരവധി ആളുകളെയും വളർത്തുമൃഗങ്ങളെയും തെരിവുനായകളെയും കടിച്ച പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയും ഇരകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്തിരുന്നു. കടിയേറ്റ മൂന്ന് പശുക്കളും രണ്ട് ആടുകളും പേ ബാധിച്ച് ചത്തു. ഈ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നായയുടെ ആക്രമണം.