വിദ്യാർ‌ത്ഥിനികളെ പീഡിപ്പിച്ച മുൻ അദ്ധ്യാപകൻ അറസ്റ്റിൽ

Saturday 14 May 2022 12:00 AM IST

മലപ്പുറം: വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മലപ്പുറം നഗരത്തിലെ ഒരു എയ്ഡഡ് സ്കൂളിലെ മുൻ അദ്ധ്യാപകനും മലപ്പുറം നഗരസഭയിലെ സി.പി.എം കൗൺസിലറുമായിരുന്ന കെ.വി.ശശികുമാറിനെ (57)​ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് ഏഴിന് ലഭിച്ച പരാതിയിൽ മലപ്പുറം പൊലീസ് പോക്സോ കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ ശശികുമാറിനെ ഇന്നലെ സുൽത്താൻബത്തേരിക്ക് സമീപത്തെ റിസോർട്ടിൽ നിന്നാണ് പിടികൂടിയത്.

ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. 30 വർഷം അദ്ധ്യാപകനായിരുന്ന ശശികുമാർ മാർച്ചിൽ വിരമിച്ച ശേഷം അദ്ധ്യാപക ജീവിതവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് താഴെയാണ് ആദ്യത്തെ ആരോപണം ഉയർന്നത്. തുടർന്ന്,​ സമാനമായ രീതിയിൽ അതിക്രമം നേരിട്ട വിദ്യാർത്ഥിനികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. നിരവധി വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ രംഗത്തുവന്നിരുന്നു. തുടർന്ന് ശശികുമാർ നഗരസഭ കൗൺസിലർ സ്ഥാനം രാജിവച്ചു.

ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സ്കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇന്നലെ എം.എസ്.എഫ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മൂന്ന് തവണയായി സി.പി.എമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗൺസിലറായിരുന്നു ശശികുമാർ. ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന സ്കൂൾ മാനേജ്മെന്റിനെതിരെയും നടപടി വേണമെന്ന് പൂർവ വിദ്യാ‌ർത്ഥികൾ ആവശ്യപ്പെട്ടു.