മാട്രിമോണി വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ

Saturday 14 May 2022 12:59 AM IST

പാലക്കാട്: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. പാലക്കാട് മലമ്പുഴ സ്വദേശിയും ബംഗളൂരു നമ്പർ 10 ഗ്രാന്റ് വില്ലേജ് രാമകൃഷ്ണപുര ഗേറ്റ് അശ്വിൻ സിത്താര അപ്പാർട്‌മെന്റിലെ താമസക്കാരനുമായ ദിലീപിനെയാണ് (38) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കാനഡയിൽ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിലാണ് ദിലീപിനെ ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്.

2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രമുഖ മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും ചാറ്റിംഗിലൂടെയാണ് കൂടുതൽ അടുത്തത്. ഇരുവരുടെയും വിവാഹമോചന നടപടികൾ നടന്നു വരികയായിരുന്നു. തുടർന്ന് തന്റെ പിറന്നാൾ ആഘോഷിക്കാനാണെന്ന് പറഞ്ഞ് യുവതിയെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ദിലീപ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ പ്രതി രഹസ്യമായി പകർത്തുകയും ചെയ്തു. പിന്നീട് യുവതി തന്നിൽ നിന്ന് അകലുന്നതായി സംശയിച്ച ദിലീപ് വൈരാഗ്യം കാരണം ദൃശ്യങ്ങൾ പെൺകുട്ടിയുടെ അച്ഛനും ആദ്യ ഭർത്താവിനും അയച്ചു കൊടുക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് എറണാകുളത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement