കൊല്ലം പോർട്ടിൽ തീരം തൊട്ട് എമിഗ്രേഷൻ പോയിന്റ്

Saturday 14 May 2022 1:40 AM IST

കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റിനുള്ള ഓഫീസ് സൗകര്യം സജ്ജമായെന്ന് ചൂണ്ടിക്കാട്ടി പോർട്ട് ഓഫീസർ കേരള മാരിടൈം ബോർഡിന് റിപ്പോർട്ട് നൽകി.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി ഏതാനും ദിവസത്തിനുള്ളിൽ എമിഗ്രേഷൻ പോയിന്റിന് അനുമതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ നിർദ്ദേശിച്ച നാല് എമിഗ്രേഷൻ കൗണ്ടറുകൾ, കമ്പ്യൂട്ടർ റൂം, ടോയ്ലെറ്റ്, ഇൻചാർജ് എമിഗ്രേഷൻ ഓഫീസ്, ട്രെയിനിംഗ്, മീറ്റിംഗ് എന്നിവയ്ക്കുള്ള മൾട്ടി പർപ്പസ് റൂം, റെക്കോർഡ് റൂം, യു.പി.എസ് റൂം, തടസമില്ലാതെ വൈദ്യുതി, സെർവർ റൂം എന്നിവ സജ്ജമായെന്നാണ് റിപ്പോർട്ട്.

എമിഗ്രേഷൻ ഓഫീസിന്റെ ഫർണിഷിംഗ് സിഡ്കോയെ ഏൽപ്പിച്ചു. വൈകാതെ പ്രവൃത്തി ആരംഭിക്കും. സുരക്ഷയ്ക്കായി 2 ഇൻസ്‌പെക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാമെന്ന കാര്യം സംസ്ഥാന സർക്കാർ നേരത്തെ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. സുരക്ഷാ കാമറകളുടെയും ചുറ്റുമതിലിന്റെയും അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാകും കേന്ദ്രത്തിന് നൽകുക.

കൂടുതൽ കപ്പലുകൾ തീരമണയും

1. സംസ്ഥാന സർക്കാർ സൗകര്യങ്ങൾ സജ്ജമാക്കാത്തതിനാലാണ് എമിഗ്രേഷൻ പോയിന്റ് അനുവദിക്കാത്തതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്

2. ഫോറിൻ രജിസ്ട്രേഷൻ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയ ശേഷമാകും എമിഗ്രേഷൻ പോയിന്റ് അനുവദിക്കുക

3. സ്ഥിരം എമിഗ്രേഷൻ സൗകര്യം ഇല്ലാത്തതിനാൽ ചരക്ക് കപ്പലുകൾ പോലും ഇവിടെ അടുപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്

4. സിറ്റി പൊലീസ് കമ്മിഷണർക്കാണ് എമിഗ്രേഷൻ നടപടികൾക്കുള്ള താത്കാലിക ചുമതല

5. എമിഗ്രേഷൻ പോയിന്റ് അനുവദിച്ചാൽ അന്താരാഷ്ട്ര കപ്പൽ ചാലിനോട് ചേർന്നുള്ള കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് വിദേശ കപ്പലുകളുടെ ക്രൂ ചെയ്ഞ്ചിംഗ് വ്യാപകമായി നടക്കുമെന്ന് പ്രതീക്ഷ

6. യാത്രാ കപ്പൽ എത്തിക്കാനുള്ള ശ്രമങ്ങൾക്കും സഹായകരമാകും.

സിമന്റ് ടെർമിനൽ സ്വപ്നം വീണ്ടും

കപ്പലിൽ കൊല്ലം പോർട്ടിൽ എത്തിക്കുന്ന സിമന്റ് വൻ ടാങ്കിൽ സംഭരിക്കും. ഇതിനുശേഷം പായ്ക്കറ്റുകളിലാക്കി വിൽക്കുന്നതാണ് പദ്ധതി. തീരത്ത് മാലിന്യ പ്രശ്നം സൃഷ്ടിക്കുമെന്ന പ്രചാരണത്തെ തുടർന്ന് പദ്ധതിയുടെ തുടർ നീക്കങ്ങൾ ഇടക്കാലത്ത് നിറുത്തിവയ്ക്കുകയായിരുന്നു.

കൊല്ലം പോർട്ടിൽ സിമന്റ് ടെർമിനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് നേരത്തെ അനുമതി ലഭിച്ച സ്വകാര്യ കമ്പിനി പ്രതിനിധികൾ കൊല്ലം പോർട്ട് കഴിഞ്ഞദിവസം സന്ദർശിച്ചു.

പോർട്ട് അധികൃതർ, കൊല്ലം

Advertisement
Advertisement