സൂചനാ ബോർഡുകളില്ല, കക്കാട് അപകടം തുടർക്കഥ

Saturday 14 May 2022 1:47 AM IST
വാഹനങ്ങൾ അപകടത്തിൽപെടാറുള്ള ദേശീയപാത കക്കാട് പള്ളിയുടെ മുൻവശത്തെ റോ‌‌ഡ്.

തിരൂരങ്ങാടി: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇത് ശ്രദ്ധയിൽപ്പെടാതെ അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. വീതി കൂട്ടിയ ഇടങ്ങളിൽ സൂചനാ ബോർഡുകൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമാവുന്നത്. ദേശീയപാത കക്കാട് ഒരു മാസത്തിനിടെ ഒട്ടേറെ അപകടങ്ങളാണുണ്ടായത്.

ദേശീയപാത വികസനവുമായി ബന്ധപെട്ട് കെട്ടിടങ്ങളും ആരാധനാലയങ്ങളും പൊളിച്ച് നീക്കിയ സ്ഥലങ്ങളിലും റോഡ് മുറിച്ചു കടക്കുന്ന ഇടങ്ങളിലും സൂചനാ ബോർഡുകളോ മറ്റോ ഇല്ലാത്തതിനാൽ വാഹനങ്ങൾ അമിത വേഗതയിലെത്തുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്. സൂചനാബോർഡുകളടക്കമുള്ളവ ഉടൻ സ്ഥാപിക്കണമെന്നും അപകടങ്ങൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

അപകടങ്ങളേറെ

നിറുത്തിയിട്ട ബൈക്കിൽ കാറ് പാഞ്ഞു കയറി കഴിഞ്ഞ ദിവസം യുവാവ് മരിച്ചിരുന്നു. വ്യാഴാഴ്ച രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഏഴു പേർക്ക് പരിക്കേറ്റതും കഴി‌ഞ്ഞദിവസമാണ്. ബൈക്കും കാറും കൂട്ടിയിടിച്ച് പിതാവിനും മകനും പരിക്കേറ്റതും കാൽനടയാത്രക്കാരായ അതിഥി തൊഴിലാളികളായ ദമ്പതികളെ നിയന്ത്രണം വിട്ടെത്തിയ ബസ് ഇടിച്ച് കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റതുമടക്കം അപകടങ്ങളുടെ പരമ്പരയാണ് ഈ പ്രദേശങ്ങളിൽ നടന്നത്.

Advertisement
Advertisement