ആരോപണങ്ങൾ വസ്തുതാവിരുദ്ധം, പരസ്യവിമർശനം ശരിയല്ല, സർക്കാരിന്റെ പരിപാടിയ്ക്ക് ക്ഷണിക്കേണ്ട ഉത്തരവാദിത്തം തനിക്കില്ല, ചിറ്റയത്തിനെതിരെ പരാതിയുമായി വീണാ ജോർജ്

Saturday 14 May 2022 11:02 AM IST

പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ‌ർജ്. ചിറ്റയം ഗോപകുമാർ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നുവെന്നാണ് വീണാ ജോർജ് പരാതി നൽകിയത്. സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ക്ഷണിക്കേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും തനിക്ക് ഉത്തരവാദിത്തമില്ലെന്നും പരാതിയിൽ മന്ത്രി വ്യക്തമാക്കി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് പരാതി കൈമാറിയതായാണ് വിവരം.

എന്റെ കേരളം പ്രദർശന മേളയിൽ ക്ഷണിക്കാതിരുന്നതിന് മേൽനോട്ടച്ചുമതലയുള്ള മന്ത്രി വീണാജോർജിനെ ചിറ്റയം ഗോപകുമാർ രൂക്ഷമായി വിമർശിച്ചിരുന്നു. വീണ തന്നോട് ഒരുകാര്യവും ആലോചിക്കുന്നില്ല. എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ അവർ പരാജയമാണ്. സർക്കാരിന്റെ വാർഷിക പരിപാടിയായ എന്റെ കേരളം പ്രദർശന മേളയുൾപ്പെടെ ഒരു കാര്യവും ക്യാബിനറ്റ് റാങ്കുള്ള തന്നെ അറിയിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ആരോപിച്ചിരുന്നു. ഇക്കാര്യം സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്നായിരുന്നു അടൂരിലെ സിപിഐ എംഎൽഎ കൂടിയായ ഗോപകുമാറിന്റെ പരസ്യ വിമർശനം.

ജില്ലയിലെ മന്ത്രിയെന്ന നിലയിൽ വീണാജോർജ് വൻപരാജയമാണ്. വിളിച്ചാൽ ഫോൺ എടുക്കാറില്ല. പരിപാടിയുടെ ഉദ്ഘാട‌നത്തലേന്ന് രാത്രിയിലാണ് അദ്ധ്യക്ഷനാകണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടത്. വിളംബര ഘോഷയാത്രയിലും പങ്കെടുപ്പിച്ചില്ല. തന്റെ മണ്ഡലത്തിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരിപാടികൾ തന്നെ അറിയിക്കാതെ മന്ത്രി ഉദ്ഘാടനം ചെയ്തിട്ടുപോകുന്നുവെന്നും ഗോപകുമാർ പറഞ്ഞു.

എന്നാൽ, പരിപാടിയുടെ സംഘാടകനായ ചിറ്റയത്തെ ക്ഷണിക്കേണ്ടതുണ്ടോ എന്ന ചോദ്യവുമായി സിപിഎം ജില്ലാ നേതൃത്വം മന്ത്രിയെ ന്യായീകരിച്ചു. ആരോപണത്തിൽ കഴമ്പില്ലെന്നും വീണ പ്രവർത്തനത്തിൽ വീഴ്ചവരുത്തിയിട്ടില്ലെന്നും സിപിഎം ജില്ലാസെക്രട്ടറി കെ പിഉദയഭാനുവും വ്യക്തമാക്കി.