ലോകാസമസ്താ

Sunday 15 May 2022 6:48 AM IST

കവിത

തങ്ങളിൽ തല്ലുന്നയൽക്കാർ, വഴക്കിനാൽ
മങ്ങലാർന്നല്ലോ മനസ്സും മിഴികളും.
ഏതാണതിരെന്നു തർക്ക,മിരുപുറം
ഭ്രാതാക്കളുണ്ടു, വാൾ വാക്കുകളാകവേ,
മേലേ പറക്കും കിളി ചിലച്ചോതുന്നു:
“ചാലേ പറക്കുകെന്നൊപ്പം സഹജരേ.
കാണുമതിർത്തികൾ നീചമാം ദൃഷ്ടിയിൽ,
കാണുകില്ലായവയുച്ചസ്ഥരാവുകിൽ.
പത്രം വിരുത്തുക, നിങ്ങൾ വിഹായസ്സി-
നെത്ര വിശാലതയെന്നറിഞ്ഞീടുക.”

തങ്ങളിൽ തല്ലുന്നു നാടുകൾ, ശ്രേഷ്ഠത
തങ്ങളുടേതെന്നു വെന്നിപാറിക്കുവാൻ.
ഭാഷയിൽ, കാഴ്ചയിൽ, സത്യവിവേചന-
ശേഷി തൻ വിശ്വാസവാരിക്കുഴികളിൽ,
വീണു പൊരുതും വിലാപജന്മങ്ങളോ-
ടോതുന്നു, മണ്ണിൽ മഴ പൊഴിക്കും മുകിൽ:
“എങ്ങും പൊഴിയുന്ന ദാനത്തിലല്ലാതെ
എന്തുണ്ടു ഭൂവിതിൽ ശ്രേഷ്ഠത കൂട്ടരേ?
എല്ലാമനസ്സും ഹരിതനിനവുകൾ
പല്ലവം ചാർത്തുമൊരാർദ്രതയാകുവിൻ.”

തങ്ങളിൽ തങ്ങളിൽ യുദ്ധമേ രാജ്യങ്ങൾ,
തങ്ങളേ ശക്തരെന്നുച്ചലിപ്പിക്കുവാൻ.
എത്രവട്ടം ധരയാകെക്കെടുത്തിടാ-
മത്രമേലൗന്നത്യപട്ടം പറക്കവേ,
സൂര്യമിഴികൾ തൻ തീക്ഷ്ണത ചോദിപ്പൂ:
“വര്യമറിയുവതാരന്ധമൃത്യുവിൽ?
അദ്വൈതദൃഷ്ടി തന്നർച്ചിസ്സുലാവുകിൽ
അങ്കമിതെത്രയ്ക്കബദ്ധമായ് തോന്നിടും.
എന്നിൽ നിന്നേ ശക്തി മന്നിൽ,- ഗ്രഹിക്കുകീ
പൊന്നിൻവെയിൽക്കരം ശക്തി തന്നാഗമം.”

ലോകാസമസ്താ സുഖം മിത്രമണ്ഡലം,
ലോകാവിവേകാ ഫലം പ്രശാന്താശയം.

( കവി സംസ്ഥാന ചീഫ് സെക്രട്ടറി)

Advertisement
Advertisement