എക്സിറ്റ് പോൾ ഫലങ്ങൾ അന്തിമ തീരുമാനമല്ല,​ സൂചനകൾ മാത്രമെന്ന് നിതിൻ ഗഡ്കരി

Monday 20 May 2019 6:29 PM IST

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരുമെന്ന് ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ അന്തിമവിധിയല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ അന്തിമവിധിയല്ല,​ ബി.ജെ.പി തന്നെ ജയിച്ച് അധികാരത്തിൽ വരുമെന്ന സൂചനകളാണെന്ന് ഗഡ്കരി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള പി.എം. നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ പോസ്റ്റർ റീലീസിംഗ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള പൊതുവായ ഒരു ചിത്രം എകിസ്റ്റ് പോളിൽ പ്രതിഫലിക്കുന്നുണ്ട് ഗഡ്കരി വ്യക്തമാക്കി. ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന പ്രവചനം എൻ.ഡി.എ സർക്കാർ നടപ്പിലാക്കിയ വികസന പ്രവ‌ത്തനങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പദത്തിലേക്ക് ഗഡ്കരിയുടെ പേര് ഉയർന്നുകേൾക്കുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മോദിയുടെ കീഴിൽ തന്നെയായിരിക്കും പുതിയ ബി.ജെ.പി സർക്കാർ വരികയെന്ന് ഗഡ്കരി പറഞ്ഞു. മോദിയുടെ കീഴിലാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അദ്ദേഹം തന്നെ പ്രധാനമന്ത്രിയായി തുടരും. മഹാരാഷ്ട്രയിൽ 2014ൽ ലഭിച്ച സീറ്റുകൾ ഇത്തവണയിും ബി.ജെ.പിക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു,