വാക്സിൻ എടുക്കാനെത്തിയ നാലുവയസുകാരന് ഡബിൾ ഡോസ് നൽകി, കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആശാ വർക്കറിനെതിരെ നടപടി
Saturday 14 May 2022 7:42 PM IST
തിരുവനന്തപുരം: നാലുവയസുകാരന് അബദ്ധത്തിൽ ഡബിൾ ഡോസ് വാക്സിൻ നൽകിയതിനെ തുടർന്ന് കുഞ്ഞിന്റെ ആരോഗ്യനില വഷളായി. തിരുവനന്തപുരം കുളത്തൂർ പി എച്ച് സിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വാക്സിൻ എടുക്കുന്നതിന് വേണ്ടി എത്തിയ ഇരട്ടകുട്ടികളിൽ ഒരാൾക്ക് തന്നെ ആശാവർക്കർ രണ്ട് ഡോസ് വാക്സിനും നൽകുകയായിരുന്നു. ഇരട്ടകുട്ടികളായതിനാൽ അബദ്ധം സംഭവിച്ചതാണെന്നാണ് ആശാ വർക്കർ നൽകിയ വിശദീകരണം.
കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ എയുടെ ഡോസാണ് കാരോട് സ്വദേശി മഞ്ജുവിന്റെ മകൻ നിവിന് നൽകിയത്. കടുത്ത ഛർദ്ദിയെതുടർന്ന് കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വാക്സിൻ നൽകിയ ആശാ വർക്കറെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ഡിഎംഒ നിർദ്ദേശം നൽകി.