കേരളത്തിലെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചു, തീരുമാനം കനത്ത മഴയെതുടർന്ന്

Saturday 14 May 2022 8:10 PM IST

തിരുവനന്തപുരം: ജില്ലയിലെ ഇക്കോടൂറിസം മേഖലകളിലേക്കുള്ള പ്രവേശനം ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവച്ചു. തിരുവനന്തപുരം ഡിഎഫ്ഒയുടേതാണ് തീരുമാനം. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചത്.

അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി വി.പി. ജോയ് വിളിച്ച ഉന്നതതല യോഗം തുടങ്ങി. മറ്റന്നാൾ വരെ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചത്. മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചത്. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച എട്ട് ജില്ലകളിലെ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.