ഗോകുലം കേരള എഫ് സി രൂപീകരിച്ചിട്ട് അഞ്ച് വർഷം, ഇതിനോടകം സ്വന്തമാക്കിയത് ഏഴ് കിരീടങ്ങൾ

Saturday 14 May 2022 10:02 PM IST

കോഴിക്കോട്: അഞ്ച് വർഷം മുമ്പ് 2017ലാണ് ഗോകുലം കേരള എഫ് സി രൂപീകൃതമാകുന്നത്. ആദ്യം മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്രേഡിയം ഹോം ഗ്രൗണ്ട് ആക്കി ആരംഭിച്ച ഗോകുലം പിന്നീട് കോഴിക്കോട് ഇ എം എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് മാറുകയായിരുന്നു. ക്ളബ് രൂപീകരിച്ചതിന് ശേഷം ഒട്ടുമിക്ക ഫുട്ബാൾ ട്രോഫികളും സ്വന്തമാക്കിയ ഗോകുലത്തിന്റെ കിരീടത്തിലെ പുതിയൊരു തൂവലാണ് ഐ ലീഗ് കിരീടം നിലനിർത്തിയത് വഴി സ്വന്തമായിരിക്കുന്നത്.

ഇന്ന് നേടിയ ഐലീഗ് കിരീടം കൂടി കണക്കിലെടുത്താൽ ഏഴാം കിരീടമാണ് ഗോകുലത്തിന്റെ അലമാരയിൽ എത്തിച്ചേരുന്നത്. രണ്ട് ഐലീഗ്, രണ്ട് കേരള പ്രീമിയർ ലീഗ്, ഒരു ഡ്യുറാൻഡ് കപ്പ്, ഒരു ഇന്ത്യൻ വിമൻസ് ലീഗ്, ഒരു കേരള വിമൻസ് ലീഗ് കിരീടങ്ങൾ എന്നിവയാണ് ഗോകുലം കേരള എഫ് സി ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.

ഇന്ന് നടന്ന ഐലീഗ് മത്സരത്തിൽ മൊഹമ്മദൻസ് സ്പോർട്ടിംഗ് ക്ളബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള എഫ്സി ഐലീഗ് കിരീടം നിലനിർത്തിയത്. ഐലീഗിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ക്ളബ് കിരീടം നിലനിർത്തുന്നത്. ഇന്ന് നടന്ന ലീഗിലെ അവസാന മത്സരത്തിൽ കിരീടം നിലനിർത്താൻ ഗോകുലത്തിന് മൊഹമ്മദൻസിനെതിരെ ഒരു സമനില മാത്രം മതിയായിരുന്നു. എന്നാൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കൊൽക്കത്ത ക്ളബിനെ തകർത്തു കൊണ്ടാണ് ഗോകുലം കേരള തങ്ങളുടെ മേധാവിത്തം ഉറപ്പിച്ചത്. മുഹമ്മദ് റിഷാദ് (49 മിനിട്ട്), എമിൽ ബെന്നി (61മിനിട്ട്) എന്നിവരായിരുന്നു ഗോകുലത്തിന്റെ ഗോൾ സ്‌കോറർമാർ.

Advertisement
Advertisement