വൈദ്യന്റെ കൊലപാതകം: രക്തംപുരണ്ട ടൈൽ കുഴിച്ചുമൂടി, തെളിവ് ശേഖരിച്ച് പൊലീസ്
നിലമ്പൂർ: വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കുന്നതിനായി മുഖ്യപ്രതി ഷൈബിൻ വീട്ടിൽ നടത്തിയ അറ്റകുറ്റപ്പണിയുടെ അവശിഷ്ടങ്ങൾ വീടിന് സമീപത്തെ റോഡരികിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വൈദ്യന്റെ മൃതദേഹം കഷണങ്ങളാക്കി മാറ്റിയ ബാത്ത് റൂം പൂർണ്ണമായും നവീകരിച്ചിരുന്നു. പൊളിച്ച ടൈൽസ്, സിമന്റ്, ബാത്ത് റൂം ഫിറ്റിംഗ്സ് അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികൾ എന്നിവ കരുളായി മുക്കട്ട റോഡരികിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ഇവ കുഴിച്ചെടുത്ത ഫോറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു. ഡി.എൻ.എ പരിശോധനയ്ക്കാവശ്യമായവ ലഭ്യമായിട്ടുണ്ടെന്ന് ഫോറൻസിക് വിദഗ്ദ്ധൻ കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു. പ്രാഥമിക അന്വേഷണം പൂർത്തിയായതായും കൂടുതൽ വിവരങ്ങൾ ലാബ് പരിശോധനയിൽ അറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ചതായി സംശയിക്കുന്ന കാറും വിശദമായി പരിശോധിച്ചു. കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന റെയിൽവേ- മണലൊടി റോഡിലെ ഒരാളുടെ വീട്ടിലും പരിശോധന നടത്തി. ആയുധം വാങ്ങിയ കടയിലും മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞെന്ന് കരുതുന്ന സ്ഥലത്തും പ്രതി നൗഷാദിനെ കൊണ്ടുപോയി തുടർദിവസങ്ങളിൽ തെളിവെടുക്കും. ഒന്നര വർഷം മുമ്പ് നടന്ന കൊലപാതകമായതിനാൽ പരമാവധി സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയമായി തെളിവുകൾ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.
ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് പൊലീസും ഫോറൻസിക് സംഘവും വീട്ടിലെത്തി തുടർപരിശോധന നടത്തിയത്. പ്രതികളെ കൂടാതെയായിരുന്നു പരിശോധനകൾ. വെള്ളിയാഴ്ച രണ്ടാം പ്രതി നൗഷാദുമൊത്ത് തെളിവെടുത്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ പരിശോധന. ഷാബ ഷെരീഫിനെ താമസിപ്പിച്ച മുകൾനിലയിലെ മുറിയിലും മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിയ ബാത്ത് റൂമിലും ഏറെ നേരം ഫോറൻസിക് പരിശോധന നടന്നു.