സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് മീറ്റ്, പൊൻ താരകങ്ങളായി ആരതിയും ഷഹദും

Sunday 15 May 2022 1:13 AM IST

തേഞ്ഞിപ്പലം: ഇന്നലെ കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് മീറ്റിൽ മലപ്പുറത്തിന് രണ്ട് സുവർണ നേട്ടങ്ങൾ. വനിതകളുടെ 400 മീറ്ററിൽ മലപ്പുറത്തിന്റെ ആർ. ആരതിയും, പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ എൻ.വി ഷഹദുമാണ് ആദ്യ ദിനത്തിൽ മലപ്പുറത്തിന്റെ അക്കൗണ്ടിലേക്ക് സ്വർണ മെഡൽ കൊണ്ടുവന്നത്. 14.78 സെക്കൻഡിനുള്ളിൽ ഹർഡിൽ ചാടി കടന്നാണ് ഷഹദ് സ്വർണം നേടിയത്. 54.60 സെക്കൻഡിൽ 400 മീറ്റർ ഓടിയെത്തി ആരതിയും ഒന്നാം സ്ഥാനക്കാരിയായി. 400 മീറ്റർ ഹർഡിൽസാണ് ആരതിയുടെ പ്രധാന ഇനമെങ്കിലും മീറ്ററിൽ സ്വർണം നേടാനായത് വലിയ സന്തോഷം നല്കുന്നുവെന്ന് ആരതി പറഞ്ഞു. തിരൂർ സ്പ്രിന്റ് ഹർഡിൽസ് അക്കാഡമിയിൽ എം.എസ്. അനന്തുവിന്റെ കീഴിലാണ് പരിശീലനം. എറണാകുളം തേവക്കൽ രഘുനാഥ് അജിത ദമ്പതികളുെട മകളാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയാണ് ആരതി.

കഴിഞ്ഞ മീറ്റിലും ഷഹദ് തന്നെ ആയിരുന്നു ഹർഡിൽസിലെ സുവർണ ജേതാവ്. കേരള പൊലീസിൽ ഹവിൽദാറായി ജോലി ചെയ്യുകയാണ് ഷഹദ്. ഇന്റർ യൂണിവേഴ്സിറ്റിയിൽ 110ഹർഡിൽസിൽ റെക്കാഡ് കൈവരിച്ചിട്ടുണ്ട്. എടപ്പാൾ മാങ്ങാട്ടൂർ സ്വദേശി മുഹമ്മദലി, ഷാഹിദ എന്നിവരാണ് രക്ഷിതാക്കൾ

Advertisement
Advertisement