ഉറ്റ സുഹൃത്ത് വിട്ടുപിരിഞ്ഞെന്ന് വിശ്വസിക്കാനാകാതെ ഓസ്‌ട്രേലിയൻ ഇതിഹാസങ്ങൾ, ഞെട്ടലുണ്ടാക്കിയെന്ന് സച്ചിനും ഹർഭജനും, സൈമണ്ട്‌സിന്റെ വിടവാങ്ങലിൽ അനുശോചിച്ച് താരങ്ങൾ

Sunday 15 May 2022 12:04 PM IST

സിഡ്നി: ഓസ്‌ട്രേലിയ കണ്ട മികച്ച ഓൾറൗണ്ടർമാരിലൊരാളായ ആൻഡ്രൂ സൈമണ്ട്സ് തങ്ങളെ വിട്ടുപിരിഞ്ഞ ഞെട്ടലിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ക്രിക്കറ്റ് ലോകവും. തങ്ങളുടെ പ്രിയ റോയ് ഇനിയില്ലെന്ന വാർത്ത പല താരങ്ങൾക്കും ഉൾക്കൊള‌ളാനായിട്ടില്ല.

'നിങ്ങൾക്കായി എന്തും ചെയ്യുന്ന വിശ്വസ്‌തനും സ്‌നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കൂ. ആതാണ് റോയ്'സൈമണ്ട്‌സിനൊപ്പം ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് കനത്ത സംഭാവന നൽകിയ വിക്കറ്റ് കീപ്പർ ഇതിഹാസം ആദം ഗിൽക്രിസ്‌റ്റിന്റെ ട്വീറ്റിൽ പറയുന്നു. രാവിലെ ഉണരുമ്പോൾ കേൾക്കുന്ന ഞെട്ടലുളവാക്കുന്ന വാർത്തയെന്ന് മുൻ ഓസീസ് താരം ഗില്ലസ്‌പിയും മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്‌മണും പ്രതികരിച്ചു.

വിശ്വസിക്കാനാകാത്ത വാർത്തയാണെന്നും ഫീൽഡിലും പുറത്തും നിരവധി ഓർമ്മകൾ സമ്മാനിച്ച താരമാണെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൾക്കർ പ്രതികരിച്ചു. ഞെട്ടിക്കുന്ന വാർത്തയായിപ്പോയെന്ന് ഹർഭജൻ സിംഗും ട്വീറ്റിൽ കുറിച്ചു.

ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിൽ രാത്രി പതിനൊന്നുമണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഹെർവി റേഞ്ച് റോഡിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം ആൻഡ്രൂ സൈമണ്ട്‌സ് സഞ്ചരിച്ച കാർ മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു ആൻഡ്രൂ സൈമണ്ട്‌സ്. ഓസ്‌ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 198 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2003, 2007 ലോകകപ്പുകളിൽ കിരീടം നേടിയ ടീമിൽ അംഗമായിരുന്നു.

ഏകദിനത്തിൽ 1998 ൽ പാകിസ്ഥാനെതിരെയായിരുന്നു സൈമണ്ട്‌സിന്റെ അരങ്ങേറ്റം. 198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും നേടിയ അദ്ദേഹം, 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും കരസ്ഥമാക്കിയിരുന്നു.