കൊവിഡാനന്തരം കുതിച്ച് ഐ.ടി തൊഴിൽമേഖല

Monday 16 May 2022 4:42 AM IST

 തുടക്കക്കാർക്കും വലിയ ശമ്പളം

 പുതിയ നിയമനങ്ങൾ ഉയർന്നു

കൊച്ചി: കൊവിഡ് ഭീതിയകന്നതോടെ ഐ.ടി തൊഴിൽരംഗത്ത് വീണ്ടും ഉണർവിന്റെ കാഹളം. വൻകിട കമ്പനികളടക്കം പുതിയ നിയമനങ്ങൾ ഊർജിതമാക്കി. സ്റ്റാർട്ടപ്പുകളും തുടക്കക്കാർക്ക് വലിയ വേതനം വാഗ്ദാനം ചെയ്യുന്നു. വനിതകളടക്കം ഇടയ്ക്ക് ജോലിനിറുത്തിയ ടെക്കികൾ തിരിച്ചുവന്നും തുടങ്ങി.

കൊച്ചി ഇൻഫോപാർക്ക്, തിരുവനന്തപുരം ടെക്നോപാർക്ക്, കോഴിക്കോട് സൈബർസിറ്റി, സ്വകാര്യ ഐ.ടി പാർക്കുകൾ തുടങ്ങിയവയിൽ നിയമനങ്ങൾ തകൃതി. ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്), വിപ്രോ തുടങ്ങിയ വൻകിട കമ്പനികൾ ഒരുവർഷത്തിനിടെ ആയിരങ്ങളെ പുതുതായി നിയമിച്ചു. ഐ.ബി.എം കൊച്ചിയിൽ മാത്രം ആയിരത്തിലധികം നിയമനങ്ങൾ നടത്തി.

ബിരുദധാരികളെ നിയമിക്കുന്നതിനൊപ്പം പരിചയസമ്പന്നരുടെ സ്ഥാപനമാറ്റവും വർദ്ധിച്ചതായി ഐ.‌ടി പാർക്കുകളിലെ ജീവനക്കാരുടെ സംഘടനയും ജോബ് ഫെയർ സംഘാടകരുമായ 'പ്രതിധ്വനി"യുടെ ഭാരവാഹികൾ പറഞ്ഞു. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് പരിചയസമ്പന്നരായ നിരവധിപേർ കേരളത്തിലെത്തി.

ഐ.ടി മേഖലയ്ക്കും സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും ലഭിക്കുന്ന പിന്തുണയും ഐ.ടി., ഐ.ടി അനുബന്ധമേഖലകളിൽ കൊവിഡാനന്തരം ദൃശ്യമായ ഉണർവുമാണ് നിയമനക്കുതിപ്പിന് മുഖ്യകാരണം. കമ്പനികൾ ഭൂരിഭാഗവും വർക്ക് ഫ്രം ഹോം തുടരുന്നതിനാൽ നിയമനങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല.

ശമ്പളത്തിലും വൻ വർദ്ധന

രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുമ്പ് ലഭിച്ചിരുന്നതിന്റെ ഇരട്ടിയിലേറെ ശമ്പളമാണ് പുതിയ നിയമനങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നത്. സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് ഇക്കാര്യത്തിൽ മുന്നിൽ.

വനിതകൾ തിരിച്ചുവരവിൽ

ഐ.ടിരംഗം വിട്ടുപോയ വനിതാടെക്കികളുടെ തിരിച്ചുവരവും വർദ്ധിച്ചു. കുടുംബകാര്യങ്ങൾ, കൊവിഡ് തുടങ്ങിയവമൂലം ഐ.ടി ജോലി ഉപേക്ഷിച്ച വനിതകളെ തിരിച്ചെത്തിക്കാൻ പ്രതിധ്വനി സംഘടിപ്പിച്ച പരിപാടിയിൽ 400ലേറെപ്പേർ രജിസ്റ്റർ ചെയ്തു. ഒരുവർഷമെങ്കിലും ജോലിചെയ്തവരും ഒരുവർഷത്തിലേറെ മാറിനിന്നവരുമെന്ന മാനദണ്ഡപ്രകാരം 310 പേരുടെ പട്ടിക തയ്യാറാക്കി. നൂറോളം പേർക്ക് കമ്പനികൾ ജോലി നൽകി. ഓൺലൈൻ പരിശീലനം ഉൾപ്പെടെ നൽകിയാണ് വീണ്ടും ജോലി ചെയ്യാൻ സജ്ജരാക്കിയതെന്ന് പദ്ധതിയുടെ കോ-ഓർഡിനേറ്റർ അംബിക മാധവൻ പറഞ്ഞു.

"റിക്രൂട്ട്മെന്റിലും ശമ്പള വാഗ്ദാനത്തിലും കൊവിഡിന് ശേഷമുള്ള വർദ്ധന ശ്രദ്ധേയമാണ്. ഇത് എത്രകാലം തുടരുമെന്ന് അറിയില്ല""

ആഷിക് സി. ചന്ദ്രൻ,

സംസ്ഥാന കോ-ഓർഡിനേറ്റർ,

പ്രതിധ്വനി

Advertisement
Advertisement