ഓഹരി നിക്ഷേപകരുടെ ഉറ്റുനോട്ടം 6 കാര്യങ്ങളിൽ

Monday 16 May 2022 3:27 AM IST

കൊച്ചി: നാണയപ്പെരുപ്പം, പലിശനിരക്ക് വർദ്ധന, ചൈനയിലെ ലോക്ക്ഡൗൺ, വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് എന്നിങ്ങനെ വില്ലന്മാർ കളംനിറഞ്ഞാടിയതോടെ തുടർച്ചയായ രണ്ടാഴ്‌ചകളിൽ വമ്പൻ നഷ്‌ടമാണ് ഇന്ത്യൻ ഓഹരി സൂചികകൾ നേരിട്ടത്. സെൻസെക്‌സ് 2,041 പോയിന്റും (3.72 ശതമാനം) നിഫ്‌റ്റി 629 പോയിന്റും (3.83 ശതമാനം) നഷ്‌ടം കഴിഞ്ഞയാഴ്ച കുറിച്ചിട്ടു.

സെൻസെക്‌സിലെ എല്ലാ ഓഹരിവിഭാഗങ്ങളും കഴിഞ്ഞവാരം കടന്നുപോയത് നഷ്‌ടപാതയിലാണ്. ലോഹം, ഊർജ ഓഹരികൾ 13 ശതമാനം ഇടിവുമായി മുന്നിൽനിന്നു. ടെലികോം 6.7 ശതമാനം, റിയാൽറ്റി 5.8 ശതമാനം എന്നിങ്ങനെയും ഇടിഞ്ഞു. ഈവാരവും വിപണിയുടെ പാതനിറയേ മുള്ളുകളുടെ കൂമ്പാരമാണ്. നിക്ഷേപകർ ഉറ്റുനോക്കുന്ന പത്ത് സുപ്രധാന വിഷയങ്ങൾ നോക്കാം:

എൽ.ഐ.സി ഓഹരി

വിപണിയിലേക്ക്

കാത്തിരിപ്പിനൊടുവിൽ എൽ.ഐ.സിയും ഓഹരിവിപണിയിലെത്തുന്നു. ബി.എസ്.ഇയിലും എൻ.എസ്.ഇയിലും നാളെ ലിസ്‌റ്റിംഗ് പ്രതീക്ഷിക്കാം. 16.20 കോടി ഓഹരികളാണ് ഐ.പി.ഒയ്ക്ക് വച്ചതെങ്കിലും 47.82 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ എത്തിയിരുന്നു. ഓഹരിയൊന്നിന് 949 രൂപ നിരക്കിലായിരിക്കും ലിസ്‌റ്റിംഗ്.

പ്രവർത്തനഫലം പരീക്ഷണമാകും

ഏകദേശം 400 കമ്പനികളാണ് ഈവാരം മാർച്ചുപാദ പ്രവർത്തനഫലം പുറത്തുവിടുക. ഭാരതി എയർടെൽ, ഐ.ടി.സി., ഐ.ഒ.സി., എച്ച്.പി.സി.എൽ., എൻ.ടി.പി.സി തുടങ്ങിയവ അതിലുൾപ്പെടുന്നു. കണക്കുകൾ നിരാശപ്പെടുത്തിയാൽ ഓഹരിവിപണി കിതയ്ക്കും.

വിദേശനിക്ഷേപകരുടെ മനസ്

തുടർച്ചയായി ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയുകയാണ് വിദേശ നിക്ഷേപകർ (എഫ്.ഐ.ഐ). 32,701 കോടി രൂപയാണ് ഈമാസം ഇതുവരെ പിൻവലിച്ചത്. ഈയാഴ്‌ചയിലും വിറ്റൊഴിയൽ പ്രതീക്ഷിക്കാം.

റഷ്യ-യുക്രെയിൻ യുദ്ധം

അനുദിനം വഷളാവുകയാണ് റഷ്യ-യുക്രെയിൻ യുദ്ധം. സമാധാന ചർച്ചകൾ അകലുന്തോറും ആഗോള ഓഹരിവിപണികൾ തളർച്ചയുടെ ട്രാക്കിൽ തുടരും.

പ്രതീക്ഷകളുടെ ഐ.പി.ഒ

സുവാരി അഗ്രോ, ഇതോസ്, ഇ-മുദ്ര ലിമിറ്റഡ് എന്നിവയുടെ ഐ.പി.ഒ ഈയാഴ്‌ച.

രൂപയുടെ ഭാവി

കഴിഞ്ഞയാഴ്‌ച ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയായ 77.63ലെത്തി രൂപയുടെ മൂല്യം. തകർച്ച തുടരുമെന്നാണ് പ്രവചനങ്ങൾ.

Advertisement
Advertisement