ഉത്തരവാദിത്ത ടൂറിസം; ജില്ലയിൽ രജിസ്റ്റർ ചെയ്തത് 800 ലധികം സംരംഭകർ

Monday 16 May 2022 12:08 AM IST

പ്രാദേശിക ടൂറിസത്തിലൂടെ വരുമാനം നേടാൻ ഇനിയും അവസരം

മലപ്പുറം: ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനം പ്രാദേശിക തലത്തിൽ സജീവമാകുന്നു. ജില്ലയിൽ ഇതുവരെ 800 ലധികം സംരംഭങ്ങൾ ഉത്തരവാദിത്ത ടൂറിസത്തിന് കീഴിൽ രജിസ്റ്റർ ചെയ്തതായും
ജില്ലയിൽ എല്ലാ വിഭാഗമാളുകളെയും പദ്ധതിയുടെ ഭാഗമാക്കാൻ നടപടികൾ തുടരുന്നതായും ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ സിബിൻ പി പോൾ പറഞ്ഞു. സാധാരണക്കാർക്കും പ്രാദേശിക വിനോദസഞ്ചാര മേഖലയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വരുമാനം നേടികൊടുക്കാൻ കഴിയുംവിധമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പദ്ധതികൾ. പാരമ്പര്യ തൊഴിലാളികൾ, കലാകാരന്മാർ, കരകൗശല വസ്തുനിർമാതാക്കൾ, തനതുഭക്ഷണം തയാറാക്കുന്നവർ, കർഷകർ, വിദഗ്ധ തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ എല്ലാ തുറകളിലുള്ളവർക്കും ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം. പ്രാദേശിക സാമ്പത്തിക വികസനത്തിലൂന്നി തനത് കലകളെയും ആഘോഷങ്ങളെയും കോർത്തിണക്കി വിവിധ ടൂർ പാക്കേജുകൾ മിഷൻ ഇതിനകം തുടങ്ങിയിട്ടുണ്ട്. കൂടാതെ കരകൗശല നിർമാതാക്കൾ, കർഷകർ, കാലാകാരന്മാർ എന്നിവർക്ക് അവരുടെ ഉത്പ്പന്നങ്ങൾ ടൂറിസം വകുപ്പിന്റെ വെബ് സൈറ്റിലൂടെ ഓൺലൈനായി വിൽക്കാനുള്ള സൗകര്യവുമുണ്ട്. സംരംഭകർക്ക് കൃത്യമായ പരിശീലനവും നൽകുന്നുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വരുമാനം കണ്ടെത്തുന്നതിനും പ്രത്യേക ഗ്രാമസഭകളും ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തുന്നുണ്ട്. ടൂറിസം രംഗത്തെ സംരംഭകർക്കും തൊഴിലന്വേഷകർക്കും സാധാരണക്കാർക്കുമായി പ്രത്യേക പോർട്ടലും പ്രവർത്തിക്കുന്നുണ്ട്. പ്രാദേശിക തലത്തിൽ ടൂറിസം സാദ്ധ്യതകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം റിസോഴ്സ് മാപ്പിംഗ് പുരോഗമിച്ചുവരികയാണെന്ന് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ പറഞ്ഞു. ഇത് പൂർത്തിയാകുന്നതോടെ ജില്ലയിലെ ഓരോ ഗ്രാമങ്ങളും വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിയ്ക്കും. ഇതിനോടനുബന്ധിച്ച് വീഡിയോകൾ, ഇ ബ്രോഷറുകൾ എന്നിവയും തയാറാക്കുന്നുണ്ട്. പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ തയാറാക്കി നൽകുന്ന എക്സ്പീരിയൻസ് എത്നിക് ക്യുസിൻ പദ്ധതിയ്ക്കും ജില്ലയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ജില്ലയിലെ 32 കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. www.keralatourism.org/rt, rtmission.mpm@gmail.com എന്നിവയിലൂടെ രജിസ്റ്റർ ചെയ്ത് പരമ്പരാഗത തൊഴിലുകൾ ചെയ്യുന്നവർക്കും വിദഗ്ധ തൊഴിലാളികൾക്കും സേവനം തേടാം. ഫോൺ: 9746186206.

Advertisement
Advertisement