ജാതിയും മതവും നോക്കി മന്ത്രിമാർ വോട്ട് പിടിക്കുന്നു: വി.ഡി. സതീശൻ

Monday 16 May 2022 2:11 AM IST

കൊച്ചി: സ്വന്തം ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകളിൽ മാത്രം കയറിയിറങ്ങി മന്ത്രിമാർ തൃക്കാക്കരയിൽ വോട്ട് ചോദിക്കുന്നത് മതേതര കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് സർക്കാരിന് യോജിച്ച പ്രവൃത്തിയല്ല മന്ത്രിമാരുടേതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേതാക്കൾ തമ്മിലടിച്ചതിന്റെ ഭാഗമായി മറ്റൊരു സ്ഥാനാർത്ഥിയെ നൂലിൽ കെട്ടിയിറക്കിയതിന്റെ പരിഭവത്തിൽ ചോരുന്ന പാർട്ടി വോട്ടുകൾ പിടിച്ചുനിറുത്താനും ഭരണസ്വാധീനം ഉപയോഗിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

യു.ഡി.എഫ് പുതുതായി 6,500 വോട്ടർമാരെ പട്ടികയിൽ ചേർക്കാൻ അപേക്ഷ നൽകിയിരുന്നു. അയ്യായിരത്തോളം അപേക്ഷകൾ ഒഴിവാക്കിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തയ്യാറാകണം.

കൊലപാതക രാഷ്ട്രീയത്തിനും കെ-റെയിലിനും എതിരാണെന്ന് പ്രഖ്യാപിച്ച ട്വന്റി 20യും ആം ആദ്മി പാർട്ടിയും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുകയാണ്. ട്രഷറി നിരോധനം തുടരുന്നു. ആയിരം കോടി കടമെടുക്കാൻ പറ്റാത്ത സാഹചര്യത്തിലേക്കാണ് സംസ്ഥാനം പോകുന്നതെന്നും സതീശൻ പറഞ്ഞു.

Advertisement
Advertisement