കിഴക്കമ്പലം നിറഞ്ഞ് കെജ്‌രിവാൾ

Monday 16 May 2022 12:24 AM IST

കിഴക്കമ്പലം: ജനസഹസ്രങ്ങളുടെ ഹൃദയം കീഴടക്കി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ സാരഥിയുമായ അരവിന്ദ് കെജ്‌രിവാൾ ഇന്നലെ കിഴക്കമ്പലത്തെത്തി. ആയിരങ്ങൾ തിങ്ങിനിറഞ്ഞ കിറ്റെക്സ് ഗാർമെന്റ്സ് ഗ്രൗണ്ടിൽ വൈകിട്ട് ആറു മണിയോടെ തൊഴുകൈകളുമായി കെജ്‌രിവാൾ കടന്നുവന്നപ്പോൾ ആരവത്തോടെയാണ് ജനസഞ്ചയം എതിരേറ്റത്. കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് ട്വന്റി20 ഏരിയാ കമ്മിറ്റികളുടെ കീഴിലായിരുന്നു പ്രവർത്തകർ എത്തിയത്. ആം ആദ്മി പാർട്ടിയുടെ ജില്ലയിലെയും പുറത്തെയും പ്രവർത്തകർ ഇവിടെ എത്തിയിരുന്നു. പഞ്ചാബിൽ നിന്നുള്ളവരും സംഗമത്തിൽ പങ്കെടുത്തു.

ട്വന്റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റിലും ആധുനിക രീതിയിൽ കിഴക്കമ്പലം പഞ്ചായത്ത് പുതുക്കിപ്പണിത ലക്ഷം വീട് കോളനിയായ വിലങ്ങ് ഗോഡ്സ് വില്ലയിലും അരവിന്ദ് കെജ്‌രിവാൾ സന്ദർശനം നടത്തി.

പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് എത്തിയ പ്രവർത്തകർക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്. ഇരിപ്പിടങ്ങളും വെള്ളവും മറ്റും തയ്യാറാക്കിയിരുന്നു. കെജ്‌രിവാൾ മടങ്ങും വരെ ആവേശത്തോടെ ഇവരെല്ലാം മൈതാനിയിൽ കാത്തുനിന്നു.

Advertisement
Advertisement