പത്ത് ലക്ഷത്തി​ന്റെ ക‌ടം: കാമറാമാനെ തട്ടിക്കൊണ്ടുപോയി ഒരുകോടിയുടെ മുതൽ തട്ടി​യെടുത്തു

Monday 16 May 2022 12:30 AM IST

കൊച്ചി: ''പത്ത് ലക്ഷം രൂപയ്ക്ക് പകരം ഒരു കോടി രൂപ വിലമതിക്കുന്ന ലൈറ്റിംഗ് ഉപകരണങ്ങളാണ് ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്. പതിമൂന്നുകാരിയായ മകളെയും ഭാര്യയേയും ക്വട്ടേഷൻ സംഘം കടന്നുപിടിച്ചു. പ്രായമായ അമ്മയേയും അവർ വെറുതെവിട്ടില്ല. രണ്ട് ദിവസം അനുഭവിച്ചത് നരകതുല്യമായ പീഡനം. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്നാണ് ഭീഷണി'' കടം വാങ്ങിയ പത്ത് ലക്ഷം കുടി​ശി​കയായതി​ന് ക്വട്ടേഷൻസംഘം തടങ്കലിൽ മ‌‌ർദ്ദിച്ച് അവശനാക്കിയ സി​നി​മാ കാമറാമാന്റെ വാക്കുകളാണിത്.

ഈ മാസം 11നാണ് മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിക്കുന്ന കാമറമാനെ ക്വട്ടേഷൻ സംഘം കലൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയിത്. പരപ്പനങ്ങാടി സ്വദേശി സനീഷാണ് ക്വട്ടേഷൻ നൽകിയത്. കാമറകളും ലൈറ്റുകളും സി​നി​മാ യൂണിറ്റുകളും പരാതിക്കാരൻ വാടകയ്ക്ക് നൽകുന്നുണ്ട്. ഒന്നരവർഷം മുമ്പാണ് പണം കടംവാങ്ങി​യത്. കൊവിഡ് മൂലം തിരച്ചടവ് മുടങ്ങി. തുടർന്നായി​രുന്നു ക്വട്ടേഷൻ സംഘം ഇറങ്ങി​യത്. യുവതിയെക്കൊണ്ട് ഷൂട്ടിംഗ് ആവശ്യത്തിനെന്ന പേരിൽ വിളിപ്പിച്ചുവരുത്തി കടത്തിക്കൊണ്ടുപോകുകയായിരുന്നു. വൈക്കത്തെ ഹോട്ടലിലാണ് തടങ്കലിൽ പാർപ്പിച്ചത്. പരാതിക്കാരനെക്കൊണ്ട് സംശയം തോന്നാത്തവിധം വീട്ടിലേക്ക് വിളിപ്പിച്ച് ലൈറ്റിംഗ് ഉപകരണങ്ങൾ കൈക്കലാക്കി. ഇവയെല്ലാം ലോറിയിൽ കടത്തിക്കൊണ്ടുപോകാൻ എത്തിയപ്പോഴാണ് ക്വട്ടേഷൻ സംഘത്തിലെ ചിലർ 13കാരിയായ പരാതിക്കാരന്റെ മകളെ കടന്നുപിടിച്ചത്. എതിർക്കാൻ ശ്രമിക്കുന്നതിടെയാണ് ഭാര്യയോട് മോശമായി പെരുമാറുകയും അമ്മയെ മർദ്ദിക്കുകയും ചെയ്തത്.

ലൈറ്റിംഗ് ഉപകരണങ്ങൾ നൽകിയെങ്കിലും പരാതിക്കാരനെ വിട്ടയച്ചില്ല. ഷൂട്ടിംഗിനായി വാടകയ്ക്ക് നൽകിയിരുന്ന യൂണിറ്റ് വാഹനം വൈക്കത്ത് എത്തിപ്പിച്ചതിന് ശേഷമാണ് മോചിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സ തേടരുതെന്നും വിവരം പുറത്തുപറയരുതെന്നുമാണ് ക്വട്ടേഷൻ സംഘത്തിന്റെ ഭീഷണി. സുഹൃത്തുക്കളുടെ സംരക്ഷണയിലാണ് കുടുംബം. പൊലീസും സുരക്ഷയൊരുക്കിയിട്ടുണ്ട്. മൂവാറ്റുപുഴയി​ലെ വീട്ടി​ൽനി​ന്ന് കടത്തി​ക്കൊണ്ടുപോയ ഉപകരണങ്ങളും വാഹനവും വൈക്കത്ത് നി​ന്ന് പൊലീസ് കണ്ടെടുത്തി​ട്ടുണ്ട്.

 സംഘത്തലവൻ അറസ്റ്റിൽ

കേസിൽ ക്വട്ടേഷൻ സംഘത്തലവൻ വൈക്കം സ്വദേശിയായ അനൂപി​നെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.

സനീഷിനും മറ്റ് പ്രതികൾക്കായും വ്യാപകമായ തിരിച്ചിലാണ് നടക്കുന്നത്. പെൺകുട്ടിയെ കടന്നുപിടിച്ചതിന് പോക്സോ കേസുൾപ്പെടെ ചുമത്തി. മകൾക്കും കുടുംബാംഗങ്ങൾക്കും മോശം അനുഭവമുണ്ടായെന്ന അറിഞ്ഞതോടെയാണ് പരാതി​ക്കാരൻ പൊലീസിനെ സമീപിച്ചത്.

Advertisement
Advertisement